ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കി തലസ്ഥാനം; കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം അവധി

ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കി തലസ്ഥാനം; കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം അവധി

തിരുവനന്തപുരം: തന്റെ അരനൂറ്റാണ്ടിലധികം വരുന്ന രാഷ്ട്രീയജീവിതത്തിലെ കര്‍മ്മമണ്ഡലമായ തലസ്ഥാനം ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കി. മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. വികാരനിര്‍ഭരമായ രംഗങ്ങളാണ് പുതുപ്പള്ളി ഹൗസില്‍ കണ്ടത്. ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. വാഹനം എം.സി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതുപ്പള്ളിയെന്ന തന്റെ മണ്ഡലത്തിന്റെ ഓര്‍മ്മയ്ക്ക് തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി വീടെന്ന് പേരിട്ട ഉമ്മന്‍ ചാണ്ടി അവസാനമായി ആ പടിയിറങ്ങുമ്പോള്‍ ഓരോ മിഴികളും നിറഞ്ഞു. രാഷ്ട്രീയ സാംസ്‌കാരിക സിനിമാ രംഗത്തുള്ളവരെല്ലാം അദ്ദേഹത്തെയൊന്ന് കാണാന്‍ തിരുവനന്തപുരത്തെത്തി. ഏറ്റവും ജനകീയനായ നായകനെ വിട്ടുപോകാനാകാതെ പുതുപ്പള്ളി വീടിന് മുന്നില്‍ നിന്ന് ആളുകളൊഴിയുന്നില്ല. രാത്രി ഏറെ വൈകിയും ആളുകള്‍ ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയിരുന്നു.

ജഗതിയിലെ വീട്ടില്‍ നിന്നും വാഹനം കോട്ടയത്തേക്ക് തിരിച്ചു. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസ്സില്‍ രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ എം.എല്‍.എ, അന്‍വര്‍ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളും വൈകാരിക നിമിഷങ്ങളും ജഗതിയിലെ വീട്ടില്‍ തളംകെട്ടി നിന്നു. നിരവധി പേരാണ് ഇവിടെയും കാണാനെത്തിയത്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദര്‍ശനം. സംസ്‌കാരം നാളെ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നടക്കും.

കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം അവധി

ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ ബുധനാഴ്ച (2023 ജൂലൈ 19) പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്നാണ് കലക്ടര്‍ അറിയിച്ചത്. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പോലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും കലക്ടര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *