ഇനി മോണ്‍. ഇമ്മാനുവല്‍ ലോപ്പസ്- ദൈവദാസന്‍ ഇമ്മാനുവല്‍ ലോപ്പസ്; നാമകരണനടപടികള്‍ക്ക് തുടക്കമായി

ഇനി മോണ്‍. ഇമ്മാനുവല്‍ ലോപ്പസ്- ദൈവദാസന്‍ ഇമ്മാനുവല്‍ ലോപ്പസ്; നാമകരണനടപടികള്‍ക്ക് തുടക്കമായി

2023 ജൂലൈ 19, ബുധന്‍, വൈകിട്ട് 4ന് മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ ദൈവദാസ പ്രഖ്യാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദീപശിഖ ചാത്യാത്ത് പള്ളി വികാരിക്ക് നല്‍കി. തുടര്‍ന്ന് ദീപശിഖാ പ്രയാണം ആരംഭിച്ചു. എറണാകുളം ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നിന്നും മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ ഛായാചിത്ര പ്രയാണവും ഇതിനോട് കൂടിച്ചേര്‍ന്നു.

എറണാകുളം ക്യുന്‍സ് വാക്ക് വേയില്‍ വച്ച് ചാത്യാത് ഇടവകാംഗങ്ങള്‍ പ്രയാണങ്ങളെ സ്വീകരിച്ചു.തുടര്‍ന്ന് മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ മാതൃ ദേവാലയമായ ചാത്യാത് മൗണ്ട് കാര്‍മല്‍ ദേവാലയങ്കണത്തില്‍ വച്ച് വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍മാര്‍ ദീപശിഖയും ഛായാചിത്രവും സ്വീകരിച്ചു. തുടര്‍ന്ന് നടത്തപ്പെട്ട പരിശുദ്ധ ദിവ്യബലിയില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാര്‍മ്മികനായി. കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതല സുവിശേഷ പ്രഘോഷണം നടത്തി. കോട്ടപ്പുറം മുന്‍ മെത്രാന്‍ ഡോ.ജോസഫ് കരിക്കാശ്ശേരി, ആര്‍ച്ചുബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, നെയ്യാറ്റിന്‍കര മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍ എന്നിവര്‍ സഹകാര്‍മികരായി. ദിവ്യബലിയുടെ മദ്ധ്യേ മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തികൊണ്ടുള്ള പേപ്പല്‍ അനുമതി ലത്തീനില്‍ വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍ വായിച്ചു. തുടര്‍ന്ന് വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.

ദിവ്യബലിയെ തുടര്‍ന്ന് മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെക്കുറിച്ച് ശ്രീ. ഇഗ്നേഷ്യസ് ഗോന്‍സാല്‍വസ് എഴുതിയ ജീവചരിത്ര ഗ്രന്ഥം ജസ്റ്റിസ് സുനില്‍ തോമസിന് നല്‍കികൊണ്ട് ആര്‍ച്ചുബിഷപ്പ് പ്രകാശനം നടത്തി. എറണാകുളം സി.എ.സി. യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കാസെറ്റ് പ്രകാശനവും നടത്തപ്പെട്ടു. തുടര്‍ന്ന് സിമിത്തേരിയില്‍ വച്ച് മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നാമകരണ പ്രാര്‍ത്ഥനയ്ക്ക് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മോണ്‍സിഞ്ഞോറിന്റെ സ്മൃതിമണ്ഡപത്തില്‍ നെയ്യാറ്റിന്‍കര മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സിമിത്തേരിയില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നല്‍കി. വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുള്ള 5000ത്തിലധികം വിശ്വാസികള്‍ ദൈവദാസ തിരു കര്‍മ്മങ്ങളില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *