വിശാല പ്രതിപക്ഷ സഖ്യത്തിന് പേര് ‘ ഇന്ത്യ’; അടുത്ത യോഗം മുംബൈയില്‍

വിശാല പ്രതിപക്ഷ സഖ്യത്തിന് പേര് ‘ ഇന്ത്യ’; അടുത്ത യോഗം മുംബൈയില്‍

ബംഗളൂരു: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര്. ബംഗളൂരുവില്‍ ചേര്‍ന്ന 26 പാര്‍ട്ടികളുടെ യോഗമാണ് പ്രതിപക്ഷ ഐക്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെവെലപ്‌മെന്റല്‍ ഇന്‍ക്ലുസിവ് അലയന്‍സ് (Indian National Developmental Inclusive Alliance – INDIA) എന്ന പേര് നല്‍കിയത്. പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ ചേരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വിശദമായ കര്‍മപദ്ധതി തയ്യാറാക്കുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഡല്‍ഹിയില്‍ സെക്രട്ടേറിയറ്റ് സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതിനായി 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. മുംബൈയില്‍ ചേരാനിരിക്കുന്ന അടുത്ത യോഗത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ ചര്‍ച്ച ചെയ്യും. യോഗ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ബംഗളൂരുവിലെ യോഗത്തിനുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.

”കോണ്‍ഗ്രസിന് അധികാരത്തിലോ പ്രധാനമന്ത്രി പദത്തിലോ താല്‍പ്പര്യമില്ല. കോണ്‍ഗ്രസ് ഒരിക്കലും പ്രധാനമന്ത്രി പദത്തിനായി ആഗ്രഹിക്കുന്നില്ല. ഈ യോഗത്തിലെ ഞങ്ങളുടെ ഉദ്ദേശം കോണ്‍ഗ്രസിന് അധികാരം നേടുകയെന്നതല്ല. നമ്മുടെ ഭരണഘടന, ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കുക എന്നതാണ്,” ഖാര്‍ഗെ വ്യക്തമാക്കി.

ഇത് രാജ്യത്തിന്റെ ശബ്ദം തിരിച്ചുപിടിക്കാനുള്ള സഖ്യമാണെന്നും അതിനാല്‍ തന്നെയാണ് സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. യുദ്ധം എന്‍.ഡി.എ യും ‘ഇന്ത്യ’ യും തമ്മിലാണ്, യുദ്ധം മോദിയും ഇന്ത്യയും തമ്മിലാണ് രാഹുല്‍ പറഞ്ഞു.

”എന്‍ഡിഎയെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. ‘ഇന്ത്യ’യെ നേരിടാന്‍ ധൈര്യമുണ്ടോ? നാശത്തില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍, കലാപത്തില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ‘ഇന്ത്യ’ വരുന്നു. രാജ്യത്തെ രക്ഷിക്കാന്‍ ‘ഇന്ത്യ’യെ വിളിക്കൂ. ഇന്ത്യ ജയിക്കും, ബിജെപി നശിക്കും. ‘ഇന്ത്യ’ ജയിച്ചാല്‍ ജനാധിപത്യം ജയിക്കും,” മമത പറഞ്ഞു.

ഒന്‍പത് വര്‍ഷം കൊണ്ട് രാജ്യത്തെ സമസ്ത മേഖലകളെയും ബിജെപി സര്‍ക്കാര്‍ നശിപ്പിച്ചതായി അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. സകലതും വിറ്റുതുലച്ചു. രാജ്യത്തെ കര്‍ഷകരെയും യുവാക്കളെയും വ്യാപാരികളെയും ദുരിതത്തിലാക്കി. വെ റുപ്പിന്റെ രാഷ്ട്രീയം അവര്‍ പടര്‍ത്തി. ‘ഇന്ത്യ ‘ ഇന്ത്യയെ മടക്കി കൊണ്ടുവരുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *