ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഡല്‍ഹി കോടതി രണ്ടുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. കേസിലെ മറ്റൊരുപ്രതിയും ഫെഡറേഷന്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും ഇടക്കാലജാമ്യം ലഭിച്ചു. ഇരുവരുടെയും സ്ഥിരംജാമ്യത്തിനുള്ള അപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.
ജൂണ്‍ 15-ന് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണിനെതിരേ ചുമത്തിയിട്ടുള്ളത്. ഇവയില്‍ 354 ഡി ഒഴികേയുള്ള കുറ്റങ്ങളും പ്രേരണാക്കുറ്റവും (109) തോമറിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.