കോഴിക്കോട്: രസേശ്വര ഭൈരവതന്ത്രം എന്ന വിഷയത്തില്‍ 20ന് രാവിലെ 11 മണിക്ക് ടൗണ്‍ ഹാളില്‍ നെച്ചിയില്‍ ശശികുമാര്‍ പ്രഭാഷണം നടത്തുമെന്ന് ശിവം മാസിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്. രാമാനന്ദും റിഥംഭര ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഡോ. ശ്രീനാഥ് കരയാട്ടും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്ത്രശാസ്ത്ര വിഷയങ്ങളെ താല്‍പ്പര്യമുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ശിവം ശൈവ-ശാക്ത തന്ത്ര മാസികയാണ് പ്രഭാഷണത്തിന്റെ സംഘാടകര്‍. രസവാദം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആല്‍ക്കെമി ഭാരതത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികളെ ആകര്‍ഷിച്ചിരുന്ന വിഷയമാണ്.
ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റുക എന്നതായിരുന്നു അവര്‍ ഉദ്ദേശിച്ചിരുന്ന ലക്ഷ്യമെങ്കില്‍ ഭാരതത്തില്‍ അതിന് കൂടുതല്‍ ആഴവും വ്യാപ്തിയും ഉണ്ടായിരുന്നു. മെര്‍ക്കുറി അഥവാ രസത്തെ നിര്‍മിക്കാനും ബന്ധിക്കാനും സാധാരണ താപനിലയില്‍ തന്നെ ഖരവസ്തുവാക്കാനും അതിനെ ഭസ്മമാക്കുവാനും മറ്റും കഴിയുന്ന സങ്കീര്‍ണമായ രീതികള്‍ രസവാദത്തില്‍ പറയുന്നുണ്ട്. മാത്രമല്ല, രസത്തെ വിവിധ രീതിയില്‍ പാകപ്പെടുത്തി ചികിത്സകള്‍ക്കായി ഉപയോഗിക്കുന്ന രീതിയും അതിലുണ്ട്.
രസവാദം പ്രായോഗികമായി മുന്നോട്ട് കൊണ്ടുപോകുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് നെച്ചിയില്‍ ശശികുമാര്‍. പട്ടാമ്പി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ രസവാദവും സിദ്ധവിദ്യയുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഒരു പരീക്ഷണശാലയും പ്രവര്‍ത്തിക്കുന്നു.
പ്രഭാഷണത്തില്‍ എല്ലാവര്ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ആയുര്‍വേദ-സിദ്ധ വൈദ്യന്മാര്ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുക്തിവാദികള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുവാന്‍: 9633149896.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. ആര്. രാമനന്ദ് (എഡിറ്റര്‍ ഇന്‍ ചീഫ് ശിവം വെബ്സൈന്‍), ഡോ. ശ്രീനാഥ് കരയാട്ട് (ചെയര്മാന് ഓഫ് റിഥംഭര ചാരിറ്റബിള്‍ ട്രസ്റ്റ്) പങ്കെടുത്തു.