മലേഷ്യയില്‍ കാന്തപുരത്തിന് ഉജ്ജ്വല വരവേല്‍പ്പ്; പ്രധാനമന്ത്രിയുടെ വസതിയില്‍ സ്വീകരണം

മലേഷ്യയില്‍ കാന്തപുരത്തിന് ഉജ്ജ്വല വരവേല്‍പ്പ്; പ്രധാനമന്ത്രിയുടെ വസതിയില്‍ സ്വീകരണം

ക്വാലാലംപൂര്‍: അഞ്ച് ദിവസത്തെ സന്ദര്‍ശത്തിന് മലേഷ്യയിലെത്തിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഊഷ്മള വരവേല്‍പ്പ്. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ സുബാങ്ങിലെ സുല്‍ത്താന്‍ അബ്ദുല്‍ അസീസ് ഷാഹ് വിമാനത്താവളത്തില്‍ ഇറങ്ങിയ കാന്തപുരത്തെ സര്‍ക്കാര്‍ പ്രതിനിധികളും മര്‍കസ് ഗ്ലോബല്‍ മലേഷ്യ ചാപ്റ്റര്‍ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കാന്തപുരത്തെ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് ആനയിച്ചു. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമും കാന്തപുരവും തമ്മില്‍ നടന്ന സംഭാഷണത്തില്‍ മലേഷ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയം ചര്‍ച്ചയായി.
ഇന്ത്യയുമായി നിരവധി മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയോട് അന്‍വര്‍ ഇബ്രാഹീം പറഞ്ഞു. അധ്യാപനവും സാമൂഹിക പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ട് പോകുന്നതില്‍ കാന്തപുരത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇരുവരും സ്‌നേഹോപഹാരം കൈമാറി. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ജാമിഉല്‍ ഫുതൂഹ് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി തുടങ്ങിയവര്‍ കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ വിവിധ ഔദ്യോഗിക പരിപാടികളില്‍ കാന്തപുരം പങ്കെടുക്കും.
അന്‍വര്‍ ഇബ്രാഹീമിന്റെ ക്ഷണപ്രകാരമാണ് കാന്തപുരം മലേഷ്യയിലെത്തിയത്. ശനിയാഴ്ച നടക്കുന്ന സ്വഹീഹുല്‍ ബുഖാരി പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിന്‍ മുക്താര്‍, ശൈഖ് ഡോ. ഉസാമ അല്‍ അസ്ഹരി, മുഫ്തി ഡോ. ലുഖ്മാന്‍ ബിന്‍ ഹാജി അബ്ദുല്ല പങ്കെടുക്കും. മലേഷ്യയിലെ ആയിരത്തോളം പണ്ഡിതന്മാര്‍ സമ്മേളത്തില്‍ സംബന്ധിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *