കോഴിക്കോട്: പോരായ്മകള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ജില്ലാ ബീച്ച് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ ആരോഗ്യവകുപ്പ് അടിയന്തരമായി തയ്യാറാവണമെന്ന് ജനകീയ ആരോഗ്യസംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
കാത്ത്‌ലാബ് പ്രശ്‌നം ഡോക്ടര്‍മാരുടെ കുറവും ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ലാബുകളിലും മരുന്നുവാങ്ങുന്ന സ്ഥലങ്ങളിലും വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടി വരികയാണ്. ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉടന്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് തയ്യാറാവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ബീച്ച് ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അവകാശ പത്രിക അടുത്തമാസം സര്‍ക്കാറിന് സമര്‍പ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ വെള്ളയില്‍, ടി.എം സത്യജിത്ത്, കെ.റുക്കിയ, എ.അച്ചുതന്‍ നായര്‍, പി.ടി കോയ, എം. ജോസൂട്ടി എന്നിവര്‍ സംസാരിച്ചു.