ജനപ്രതിനിധികള്‍ അയോഗ്യരാകാതിരിക്കാന്‍ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാമെന്ന് സുപ്രിം കോടതി. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമര്‍ശം.
ലക്ഷദ്വീപ് എം.പിയായ മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി നേരത്തെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. ഇതോടെയാണ് മുഹമ്മദ് ഫൈസല്‍ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനായത്. കവരത്തി സെഷന്‍സ് കോടതി വിധിക്കെതിരെ ഫൈസല്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ശിക്ഷാവിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. ഇത് ചോദ്യം ചെയ്താണ് കേസിലെ പരാതിക്കാരനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും സുപ്രിം കോടതിയെ സമീപിച്ചത്.