കോഴിക്കോട്: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ഗ്ലോബല്‍ പാസഞ്ചേഴ്‌സ് ജനറല്‍ കണ്‍വീനറും പ്രവാസി കൗണ്‍സില്‍ കേരള ജനറല്‍ സെക്രട്ടറിയും ലോകകേരള സഭാംഗവുമായ പി.കെ കബീര്‍ സലാല ആവശ്യപ്പെട്ടു. രണ്ടായിരം ഏക്കറില്‍ 3000 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനത്താവളം ഇന്ന് പ്രതിസന്ധിയിലാണ്. 2018 ഡിസംബര്‍ ഒന്‍പതിന് പ്രവര്‍ത്തനമാരംഭിച്ച കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പ്രതിദിനം 50 ആഭ്യന്തരസര്‍വീസുകളും 65 അന്തര്‍ദേശീയ സര്‍വീസുകളും നടത്തിയിരുന്നു.
ആദ്യത്തെ 10 മാസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം യാത്രക്കാരാണ് എയര്‍പോര്‍ട്ട് വഴി കടന്നുപോയത്. 2021 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഏറ്റവുമധികം അന്താരാഷ്ട്ര യാത്രക്കാര്‍ ഉപയോഗിച്ച രാജ്യത്തെ ആദ്യ 10 വിമാനത്താവളങ്ങളിലൊന്നായ കണ്ണൂര്‍ വിമാനത്താവളം ഇന്ന് അവഗണന നേരിടുകയാണ്. സ്ഥലവും സൗകര്യവുമുള്ള വിമാനത്താവളത്തില്‍ ഇന്ന് ചുരുക്കം വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. വിമാനത്താവളത്തിന്റെ 64% ഓഹരികളും പ്രവാസികളുടേതാണ്. 2011 മുതല്‍ പ്രവാസികള്‍ എടുത്ത ഷെയറിന് ഒരു രൂപ പോലും ഇതുവരെയായി ലാഭവിഹിതം നല്‍കിയിട്ടില്ല. എന്നാല്‍, കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഓഹരിയുടമകള്‍ക്ക് 35% ലാഭവിഹിതം ലഭിച്ചിട്ടുണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടി. എയര്‍പോര്‍ട്ടില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ നടപടിയുണ്ടാവണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ കബീര്‍ സലാല ആവശ്യപ്പെട്ടു.