ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നല്‍കി ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ). ഫെഡറേഷന്റെ അഡ്-ഹോക്ക് പാനല്‍.ബജ്റംഗ് പുരുഷന്മാരുടെ 65 കിലോ വിഭാഗത്തിലും വിനേഷ് വനിതകളുടെ 53 കിലോ വിഭാഗത്തിലും മത്സരിക്കും.
രണ്ട് താരങ്ങളെയും ജൂലായ് 22 ന് ആരംഭിക്കുന്ന സെലക്ഷന്‍ ട്രയലില്‍ നിന്നൊഴിവാക്കിയതായി പാനല്‍ അംഗമായ അശോക് ഗാര്‍ഗ് പറഞ്ഞതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണെ അറസ്റ്റുചെയ്യണമെന്ന ആവശ്യം മുന്‍നിര്‍ത്തി സമരം ചെയ്ത ഗുസ്തി താരങ്ങളില്‍ മുന്നില്‍ നിന്നവരാണ് ബജ്റംഗും വിനേഷ് ഫോഗട്ടും.
ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സ് മെഡല്‍ നേടിയ താരം കൂടിയാണ് ബജ്റംഗ്. വിനേഷ് ഫോഗട്ട് 2018 ഏഷ്യന്‍ ഗെയിംസില്‍ 53 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു.
അതേസമയം ദേശീയ ടീമിന്റെ പരിശീലകരോട് അനുവാദം ചോദിക്കാതെ അഡ്-ഹോക്ക് കമ്മിറ്റി തീരുമാനമെടുത്തതില്‍ പരിശീലകര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ഇരുവരെയും ട്രയല്‍സില്‍ നിന്നൊഴിവാക്കിയത് സഹതാരങ്ങളിലും പരാതിക്കിടയാക്കിയിട്ടുണ്ടെന്നാണ് വിവരം.