- ഇന്ന് വൈകുന്നേരം പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പൊതുദര്‍ശനം
- ബുധനാഴ്ച പുലര്‍ച്ചെയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും
തിരുവനന്തപുരം: ചികില്‍സയിലിരിക്കെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം ഉച്ചയോട് കൂടി പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ പുതുപ്പള്ളിയില്‍ സംസ്‌കരിക്കും. കുടുംബവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.
ബംഗളുരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഉച്ചയോട് കൂടി തിരുവനന്തപുരത്ത് എത്തിച്ചേരും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുവരും. പിന്നീട് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ന് വൈകുന്നേരം ഭൗതികശരീരം പാളയത്ത് അദ്ദേഹം ആരാധനയ്ക്ക് പോയിരുന്ന ദേവാലയമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
തിരികെ ഇന്ദിരാഭവനില്‍ കൊണ്ടുവന്ന് പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി സൗകര്യമൊരുക്കും. അവിടെ നിന്നും രാത്രിയോടെ പുതുപ്പള്ളി ഹൗസിലേക്ക് തന്നെ ഭൗതികശരീരം എത്തിക്കും. ബുധനാഴ്ച പുലര്‍ച്ചെയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ പുതുപ്പള്ളിയില്‍ സംസ്‌കരിക്കും.
അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനാണ് മരണ വാര്‍ത്ത അറിയിച്ചത്.