കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി, ധനമന്ത്രി എന്നീ നിലകളില്‍ അദ്ദേഹം സഹകരണമേഖലയ്ക്കു പൊതുവിലും ഊരാളുങ്കല്‍ സൊസൈറ്റിക്ക് വിശേഷിച്ചും ന ല്‍കിയിട്ടുള്ള പിന്തുണയ്ക്കും തൊഴില്‍മന്ത്രി ആയിരിക്കെ തൊഴിലാളി ക്ഷേമത്തിനായി കൈക്കൊണ്ട നടപടികള്‍ക്കും ഊരാളുങ്കല്‍ സൊസൈറ്റിയും അതിലെ മുഴുവന്‍ തൊഴിലാളികളും എന്നും കടപ്പെട്ടിരിക്കും.
സൊസൈറ്റിയുടെ കാര്യങ്ങള്‍ക്കായോ കരാര്‍ എടുത്ത നിര്‍മാണങ്ങളുടെ കാര്യങ്ങള്‍ക്കായോ അദ്ദേഹവുമായി സംസാരിക്കേണ്ടിവന്നപ്പോഴൊക്കെ അങ്ങേയറ്റത്തെ അനുഭാവത്തോടും സൗഹൃദത്തോടുമാണ് അദ്ദേഹം ഇടപെട്ടിട്ടുള്ളത്. നടപടിക്രമങ്ങളുടെ കാലതാമസവും അഴിമതിയും ഒഴിവാക്കാനും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാനും ഗുണമേന്മ ഉറപ്പാക്കാനും ആയി സംസ്ഥാനസര്‍ക്കാരിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ടെന്‍ഡര്‍ കൂടാതെ നല്‍കാവുന്ന സ്ഥാപനങ്ങളെ നിശ്ചയിച്ച് അവയെ അക്രഡിറ്റ് ചെയ്ത് ഉത്തരവ് ഇറക്കിയതും ഊരാളുങ്കല്‍ സൊസൈറ്റിയെ അതില്‍ ഉള്‍പ്പെടുത്തിയതും അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കെ 2015ല്‍ ആണ്. ആ കടപ്പാട് എന്നും ഞങ്ങള്‍ക്ക് അദ്ദേഹത്തോട് ഉണ്ടായിരിക്കും.
അതേ മന്ത്രിസഭയുടെ കാലത്ത് സൊസൈറ്റിയെ കരാര്‍ ഏല്‍പിച്ച കോഴിക്കോട് ബൈപ്പാസ് നിര്‍മ്മാണം നിശ്ചിതസമയത്തിനും മുമ്പേ പൂര്‍ത്തിയാക്കാമോ എന്ന് അദ്ദേഹം ചോദിച്ചതും ആവശ്യപ്പെട്ടതിനും മുമ്പേ തീര്‍ത്തുകൊടുത്തതും അദ്ദേഹവുമായി ബന്ധപ്പെട്ട എക്കാലത്തെയും നല്ല ഓര്‍മ്മയാണ്. കരാര്‍ കാലയളവ് 24 മാസം ആയിരുന്ന ആ നിര്‍മ്മാണം 18 മാസംകൊണ്ടു തീര്‍ക്കാമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. 16 മാസംകൊണ്ടു തീര്‍ക്കാം എന്ന എന്റെ മറുപടി കേട്ട അദ്ദേഹത്തിന്റെ നിറഞ്ഞ പുഞ്ചിരി ഇപ്പോഴും മനസിലുണ്ട്. നമ്മുടെ തൊഴിലാളികള്‍ ആ വാഗ്ദാനം പാലിക്കുകയും ചെയ്തു.
ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും നീളമുള്ള ബോ സ്ട്രിങ് പാലമായ വലിയഴീക്കല്‍ പാലം നിര്‍മ്മിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ തെരഞ്ഞെടുത്തതും അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കെ ആണ്. ഒരു മികച്ച ആര്‍ക്കിടെക്ചറല്‍ മാര്‍വെല്‍ ആയിത്തന്നെ അതു നാടിനു സമര്‍പ്പിക്കാന്‍ കഴിഞ്ഞത് സൊസൈറ്റിക്കു വലിയ ജനകീയാംഗീകാരം നേടാന്‍ സഹായിച്ചിട്ടുണ്ട്. അതടക്കം പല പ്രവൃത്തികളും അനുവദിച്ച് സൊസൈറ്റിയിലെ തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കാന്‍ അദ്ദേഹം അനുഭാവപൂര്‍ണ്ണമായ സമീപനമാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. രണ്ടുതവണ തൊഴില്‍മന്ത്രി ആയിരിക്കെ തൊഴിലാളിക്ഷേമത്തിനായി കൈക്കൊണ്ട നടപടികള്‍ക്കും കേരളത്തിലെ തൊഴിലാളിസമൂഹത്തോടൊപ്പം ഊരാളുങ്കല്‍ സൊസൈറ്റിയും അതിലെ മുഴുവന്‍ തൊഴിലാളികളും എന്നും കടപ്പെട്ടിരിക്കും. ആദരണീയനായ മുന്‍ മുഖ്യമന്ത്രിക്ക് ഒരിക്കല്‍ക്കൂടി എന്റെയും സൊസൈറ്റിയുടെയും ആദരാഞ്ജലി.