കോഴിക്കോട്: ഓപണ്‍ യൂണിവേഴ്‌സിറ്റി ആക്ടിലെ 47 (2), 72 വകുപ്പുകള്‍ റദ്ദാക്കുക. പ്രൈവറ്റ് വിദ്യാര്‍ത്ഥികളെ റഗുലര്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സേവ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 25ന് യൂണിവേഴ്‌സിറ്റി മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലിക്കറ്റ്, കേരള, കണ്ണൂര്‍, മഹാത്മഗാന്ധി എന്നീ സര്‍വകലാശാലകളില്‍ നിലവിലുണ്ടായിരുന്ന വിദൂരവിദ്യാഭ്യാസ സംവിധാനം, ശ്രീനാരായണഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റിയില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഓപണ്‍ യൂണിവേഴ്‌സിറ്റി മാത്രം തെരഞ്ഞെടുക്കണമെന്ന സര്‍ക്കാര്‍ നിയമം വിദ്യാര്‍ത്ഥികളുടെ മൗലികവകാശത്തിന്റെ ലംഘനമാണ്. ഇക്കാര്യത്തില്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. ഓപണ്‍യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ന്ന ഫീസാണ് ഈടാക്കുന്നത്.
ബി.എ ഇംഗ്ലീഷിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ 6270 രൂപയാണെങ്കില്‍ ശ്രീനാരായണഗുരു ഓപണ്‍ യൂണിവേഴ്‌സിറ്റി ഈടാക്കുന്നത് 17630 രൂപയാണെന്നവര്‍ ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളില്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റിന് സ്വീകാര്യത കുറവാണ്. ഇത് തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഇടയാക്കും.
രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ഒന്നും വിദൂരവിദ്യാഭ്യാസം പരിമിതപ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഇത്തരം നടപടി സ്വാശ്രയ കോളേജുകളെയും സംസ്ഥാനത്ത് ആരംഭിക്കാന്‍ പോകുന്ന വിദേശ സ്വകാര്യ കല്‍പ്പിത സര്‍വകലാശാലകളെ സഹായിക്കുന്നതാണെന്നവര്‍ കുറ്റപ്പെടുത്തി. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തും. 26 മുതല്‍ കലക്ടറേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ എ. പ്രഭാകരന്‍ (ചെയര്‍മാന്‍, സേവ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ഫോറം), സജി.കെ രാജ് (ജില്ല കണ്‍വീനര്‍), ടി.പി സലീം, ബിജിത്ത് എം.കെ എന്നിവര്‍ സംബന്ധിച്ചു.