ന്യൂഡല്‍ഹി: കേരളത്തിലേക്ക് മടങ്ങാന്‍ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്ഥിരമായി കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതി സുപ്രീം കോടതി നല്‍കിയത്. മദനിയുടെ ജാമ്യ വ്യവസ്ഥകള്‍ സുപ്രിം കോടതി ഇളവ് ചെയ്തിട്ടുണ്ട്.
മഅദനിക്ക് സ്വന്തം നാടായ കൊല്ലത്ത് നില്‍ക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 15 ദിവസത്തിലൊരിക്കല്‍ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ ഹാജരാകണം .ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പോലിസിന് കൈമാറണം. കേരളത്തിലേക്ക് മഅദനിക്ക് കര്‍ണാടക പോലിസ് അകമ്പടി നല്‍കേണ്ടതില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലം എസ്.പിയുടെ അനുമതിയോടെ ചികിത്സയ്ക്കായി എറണാകുളത്തേക്കും പോകാം. മഅദനിക്ക് കേരളത്തില്‍ കര്‍ണാടക പോലിസ് അകമ്പടി നല്‍കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മഅദനിക്കെതിരായ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ്.
നേരത്തെ മൂന്നുമാസം കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി ഇളവുനല്‍കിയെങ്കിലും രോഗാവസ്ഥയെ തുടര്‍ന്ന് പിതാവിനെ കാണാന്‍ കഴിയാതെയാണ് കര്‍ണാടകയിലേക്ക് മടങ്ങിയതെന്ന് മഅദനി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ക്രിയാറ്റിന്റെ അളവ് കൂടിവരുന്ന സാഹചര്യത്തില്‍ വൃക്ക മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും ഈ സാഹചര്യത്തില്‍ കടുത്ത ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തരുതെന്ന ആവശ്യവും മഅദനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേരളത്തിലേക്ക് പോകണമെന്ന ആവശ്യത്തിനൊപ്പം, സുരക്ഷാ മേല്‍നോട്ടം കേരളാ പോലിസിനെ ഏല്‍പ്പിക്കണമെന്നും മദനി ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക പോലിസിന്റെ സുരക്ഷാ ചെലവ് താങ്ങാനാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മഅദനിയുടെ ആവശ്യം. 11 ദിവസത്തെ കര്‍ണാടക പോലിസിന്റെ സുരക്ഷയ്ക്ക് മാത്രം 6.75 ലക്ഷം രൂപയാണ് ചെലവ് വന്നത്. കേരള പോലിസ് സുരക്ഷയ്ക്ക് തുക ഈടാക്കിയിട്ടില്ലെന്നും മഅദനി സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിച്ചു.