ഫറോക്ക്: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഫറൂഖ് കോളജില്‍ പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മയായ ഫറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍(ഫോസ), ഫോസ്റ്റാള്‍ജിയ 23 എന്ന നാമധേയത്തില്‍ സംഗമം സംഘടിപ്പിച്ചു. 1957 മുതല്‍ 2022 വരെ വിവിധ ബാച്ചുകളില്‍ പഠിച്ചിറങ്ങിയ അയ്യായിരത്തോളം പേരാണ് ഇരമ്പുന്ന ഓര്‍മകളുമായി കലാലയത്തിലെത്തിയത്.
സംഗമത്തില്‍ തന്റെ കോളേജ് അനുഭവവും ഭാവി കാഴ്ചപ്പാടും അവതരിപ്പിച്ച് മന്ത്രി പി. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫോസ ജില്ലാ ചാപ്റ്റര്‍ പ്രസിദ്ധീകരിച്ച ‘ഫോസില’ പുസ്തക പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഫോസ പ്രസിഡന്റ് കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. ഫോസ 1973 ബാച്ച് ഡയറക്ടറി എം.പി അബ്ദുസമദ് സമദാനി എം.പിയും പ്ലേസ്‌മെന്റ് സെല്‍ ലോഗോ ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: പി.എം മുബാറക് പാഷയും നിര്‍വഹിച്ചു.
പൂര്‍വവിദ്യാര്‍ത്ഥികളായ അഡ്വ: പി.ടി.എ റഹീം എം.എല്‍.എ, യു.എ.ലത്തീഫ് എം.എല്‍.എ, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മങ്ങാട്, എഴുത്തുകാരന്‍ പി.കെ പാറക്കടവ്, എഴുത്തുകാരി ഇന്ദുമേനോന്‍, ഇന്റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. അമീര്‍ പിച്ചാന്‍, ആര്‍.പി.എഫ്. ഐ.ജി കെ.കെ അഷറഫ്, ഒളിംപ്യന്‍ വി.ദിജു, കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ്, സെക്രട്ടറി കെ.വി കുഞ്ഞഹമ്മദ് കോയ, മാനേജര്‍ സി.പി കുഞ്ഞഹമ്മദ്, ആക്ടിങ് സെക്രട്ടറി ഡോ. അലി ഫൈസല്‍, ആര്‍.യു.എ വൈസ് പ്രസിഡന്റ് എം.മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഡോ. കെ.എ ആയിഷ സ്വപ്‌ന, ഫോസ ജനറല്‍ സെക്രട്ടറി ഡോ. പി.പി യൂസഫലി, വൈസ് പ്രസിഡന്റ് എന്‍.കെ മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി സംഗമം പ്രിന്‍സിപ്പില്‍ ഡോ. കെ.എ ആയിഷ സ്വപ്‌ന ഉദ്ഘാടനം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഇ.പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍, കെ.ടി ഹസ്സന്‍ കോയ വിവിധ വിദേശ ചാപ്റ്ററുകളുടെ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്റര്‍ ചാപ്റ്റര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അരീക്കോട് ചാപ്റ്റര്‍ ചാംപ്യന്മാരായി. നെയ്‌ബേഴ്‌സ് ചാപ്റ്ററിനാണ് രണ്ടാം സ്ഥാനം. ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടിക, സുശാന്ത് മാത്യു, എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഫോസ ആവിഷ്‌കരിച്ച ടി.വി, കംപ്യൂട്ടര്‍ ചാലഞ്ചില്‍ വിവിധ ബാച്ച് വിദ്യാര്‍ഥികള്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. മുന്‍കാല പ്രതിഭകള്‍ അണിനിരന്ന കലാപരിപാടികളും അനൂപ് ശങ്കറും സംഘവും നയിച്ച ഗാനമേളയും അരങ്ങേറി.