പ്രതിപക്ഷത്തെ നേരിടാൻ ഒറ്റയ്ക്കുമതിയെന്ന് പറഞ്ഞയാളാണ് മോദി; കടുത്ത പരിഹാസവുമായി ​ഗാർ​ഗെ

പ്രതിപക്ഷത്തെ നേരിടാൻ ഒറ്റയ്ക്കുമതിയെന്ന് പറഞ്ഞയാളാണ് മോദി; കടുത്ത പരിഹാസവുമായി ​ഗാർ​ഗെ

ബെംഗളൂരു: പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കുന്നത് കണ്ട് ബിജെപി വിറച്ചുപോയെന്നും പിളർന്ന് പോയ പാർട്ടികളെ എണ്ണം തികയ്ക്കാൻ ഒരുമിച്ച് ചേർക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഒറ്റക്ക് പ്രതിപക്ഷത്തെ നേരിടുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോള്‍ 30 പാര്‍ട്ടികള്‍ ഒപ്പം വേണമെന്ന് തോന്നുന്നതെന്ത് കൊണ്ടാണെന്ന് ​ഗാർ​ഗെ ചോദിക്കുന്നു.

ചൊവ്വാഴ്ച എന്‍ഡിഎ യോഗം ചേരാനിരിക്കെയാണ് ഖാര്‍ഗെ ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രതിപക്ഷത്തെ 26 പാര്‍ട്ടികളും ബെംഗളൂരുവില്‍ യോഗം ചേരാനിരിക്കുകയാണ്.

പ്രതിപക്ഷ പാർട്ടികൾ യോ​ഗം ചേരുന്നതും ഒരുമിച്ച് കൂടുന്നതും നേരത്തെ കണ്ടിട്ടുണ്ട്. എന്നാൽ 30 പാർട്ടികൾ ചേരുന്ന എൻഡിഎ യോ​ഗത്തെ കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടോ എന്നും ​ഗാർ​ഗെ ചോദിക്കുന്നു. .

‘മുഴുവന്‍ പ്രതിപക്ഷത്തെയും നേരിടാന്‍ ഞാന്‍ ഒറ്റയ്ക്ക് മതിയെന്ന് നേരത്തെ രാജ്യസഭയില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. പിന്നെയെന്തിനാണ് ഇപ്പോള്‍ 30 പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ക്കുന്നത്. ഏതൊക്കെയാണ് ഈ 30 പാര്‍ട്ടികള്‍, എന്താണ് അതിന്റെയെല്ലാം പേര്, അവയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ’, ഖാര്‍ഗെ ചോദിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യസഭയില്‍ പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയപ്പോള്‍ നരേന്ദ്രമോദി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ചായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

Share

Leave a Reply

Your email address will not be published. Required fields are marked *