സദ്ഭാവന ബുക്‌സ്, കോഴിക്കോട് ഏര്‍പ്പെടുത്തിയ പ്രഥമ പുസ്തകമിത്രം പുരസ്‌കാരം തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന് ആദരണീയനായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമര്‍പ്പിക്കുമെന്ന് സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പളളിയും കവിയും ഗാനരചയിതാവുമായ എം.എസ് ബാലകൃഷ്ണനും തൃശൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ 18 ചൊവ്വാഴ്ച കാലത്ത് 10.30 ന് തൃശൂര്‍ വിമല കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. വിമല കോളേജിന്റെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് പുരസ്‌കാര സമര്‍പ്പണം സംഘടിപ്പിച്ചിട്ടുളളത്.
1 ലക്ഷം രൂപയും 1 ലക്ഷം രൂപ മുഖവിലയുളള 1000 പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പ്രഥമ പുസ്തകമിത്രം പുരസ്‌കാരം. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ സദ്ഭാവന ബുക്‌സ് നടത്തുന്ന വായന മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പുസ്തകമിത്രം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ ചെയര്‍മാനും കവിയും ഗാനരചയിതാവുമായ പി.പി.ശ്രീധരനുണ്ണി, ഗ്രന്ഥകാരനും ഹരിതം ബുക്‌സ് എഡിറ്ററുമായ പ്രതാപന്‍ തായാട്ട്, യുവ എഴുത്തുകാരി ട്രീസ അനില്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
എം.പി ആയതിന് ശേഷം പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും പൂവ്, മാല, ഷാള്‍, മെമന്റൊ, മറ്റ് ഉപഹാരങ്ങള്‍ എന്നിവയ്ക്ക് പകരം പുസ്തകങ്ങള്‍ സ്വീകരിച്ച് അത് കേരളത്തിലെ അര്‍ഹമായ വായനശാലകള്‍ക്ക് നല്‍കി. കഴിഞ്ഞ നാല് വര്‍ഷമായി നടത്തുന്ന പ്രവര്‍ത്തനം മാനിച്ചാണ് പ്രഥമ പുസ്തകമിത്രം പുരസ്‌കാരത്തിന് ടി.എന്‍.പ്രതാപന്‍ എം.പി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തരത്തില്‍ സ്വീകരിച്ച ഒന്നരകോടി രൂപയില്‍ അധികം വിലവരുന്ന 1,26,000 പുസ്‌കങ്ങള്‍ കേരളത്തിലെ സ്‌കൂള്‍, കോളേജ്, പൊതു വായനശാലകള്‍ക്കായി നല്‍കി വരികയാണ്. ഒരു ജനപ്രതിനിധി നടത്തുന്ന ഈ മഹനീയ പ്രവര്‍ത്തനം സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും, മറ്റുള്ളവരും ഇത് മാതൃകയാക്കുക വഴി പുസ്തകവായന പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സദ്ഭാവന ബുക്‌സ് ഈ വര്‍ഷം ആദ്യമായി പുസ്തകമിത്രം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
കലാ-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായ ടി.എന്‍.പ്രതാപന്‍ നാല് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. വാര്‍ത്താസമ്മേളനത്തില്‍ സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പളളി, കവിയും ഗാനരചയിതാവുമായ എം.എസ്.ബാലകൃഷ്ണന്‍ എന്നിവര്‍ക്കു പുറമെ മാധ്യമ പ്രവര്‍ത്തകന്‍ ഇ.ആര്‍ ഉണ്ണി, എഴുത്തുകാരി ജയശ്രീ വൈലത്തൂര്‍, യുവ സാഹിത്യകാരി രമ്യ ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.