കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 19-ന് പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. 156 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.
സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിക്കുന്നത്. ഇതനുസരിച്ച്, പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം മാത്രമാണ് അന്തിമ ജൂറിക്ക് അയയ്ക്കുക. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ.എം. മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.