ഏക സിവില്‍ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കും: വിസ്ഡം വനിതാ സമ്മേളനം

ഏക സിവില്‍ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കും: വിസ്ഡം വനിതാ സമ്മേളനം

കോഴിക്കോട്: ഏക സിവില്‍ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുമെന്നും രാജ്യത്തെ ജനങ്ങളെ വിഭജിക്കലാണ് ഏക സിവില്‍ കോഡ് പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യംവയ്ക്കുന്നതെന്നും വിസ്ഡം ഇസ്‌ലാമിക് വിമന്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ വനിതാ സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി, സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി വോട്ട്‌നേടുക എന്ന ലക്ഷ്യം തകര്‍ക്കാന്‍ മതനിരപേക്ഷ സമൂഹം ഒന്നിച്ച് പോരാടണമെന്നും വിസ്ഡം വനിതാ സമ്മേളനം ആഹ്വാനം ചെയ്തു. വ്യക്തിനിയമങ്ങള്‍ ദൈവിക നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നിരിക്കെ, അതിന്മേല്‍ കൈ കടത്താനുള്ള നീക്കം മതേതര സമൂഹം ചെറുത്ത് തോല്‍പിക്കും. ഇസ്‌ലാമിക ശരീഅത്ത് കാലാനുസൃതവും സ്ത്രീപക്ഷവുമാണെന്നിരിക്കെ അനാവശ്യ വിവാദങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും വിസ്ഡം വിമന്‍സ് ചൂണ്ടിക്കാട്ടി.

നീതിയുടെ ഉറവിടമായ പ്രപഞ്ചസൃഷ്ടാവില്‍ നിന്നുമുള്ള നിയമങ്ങളില്‍ അനീതി സംഭവിക്കുകയില്ല എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ ദാര്‍ശനിക അടിത്തറ. ശരീഅത്ത് എന്ന് കേട്ടാല്‍ ഉടനെ അത് കെട്ടലും കെട്ടിക്കലും ത്വലാഖും മാത്രമാണ് ഇസ്ലാമിക ശരീഅത്ത് എന്നാണ് ചിലരുടെ ധാരണ. അങ്ങനെയല്ല; ഇസ്ലാമിന്റെ വളരെ സമഗ്രമായ വിഷയങ്ങളാണ് അത്. ഇസ്ലാം സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്നതാണ് ചിലര്‍ക്ക് പരാതി. സ്ത്രീ- പുരുഷ സമത്വമാണ് ഇതിന് പരിഹാരമെന്നാണ് അവരുടെ ഭാഷ്യം. വാസ്തവത്തില്‍ ഇത് സ്ത്രീവിരുദ്ധതയാണ്. പുരുഷനും സ്ത്രീയും അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന രണ്ട് ലിംഗസ്വത്വങ്ങളാണ്. ആയതിനാല്‍ ഇരുവിഭാഗങ്ങള്‍ക്കും സമൂഹത്തോടുള്ള കടമകളും വ്യത്യസ്തമാണ്. അതിനനുയോജ്യമായ കടമകളും അവകാശങ്ങളുമാണ് ഇസ്ലാം ഇരുവര്‍ക്കും വകവെച്ച് കൊടുത്തിട്ടുള്ളത്.

പുരുഷനെ കുടുംബത്തിന്റെ പൂര്‍ണ്ണമായ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച ശേഷമാണ് അനന്തരാവകാശ വിഹിതങ്ങളില്‍ ഇസ്ലാം വ്യത്യാസം കല്‍പിച്ച് നല്‍കിയത്. ഇസ്ലാമിന്റെ അനന്തരാവകാശത്തെ കുറിച്ച് പൂര്‍ണ്ണമായ ബോധ്യമില്ലാത്തവരാണ് പുരുഷന്റെ പകുതി സ്വത്ത് സ്ത്രീക്ക് നല്‍കുന്നതിനെ കുറിച്ച് വ്യാകുലപ്പെടുന്നത്. ഇതേ ശരീഅഃത്ത് നിയമങ്ങളില്‍ തന്നെ പുരുഷനും സ്ത്രീക്കും തുല്യസ്വത്ത് ലഭിക്കുന്നതും പുരുഷന് സ്ത്രീയെക്കാള്‍ കുറവ് സ്വത്ത് ലഭിക്കുന്നതുമായ അവസരങ്ങളുണ്ട്. കടമകളും ബന്ധത്തിന്റെ കണ്ണിയിലെ വ്യത്യാസങ്ങളുമാണ് ഇവിടെ അടിസ്ഥാനം. ഈ അടിസ്ഥാന ബോധ്യമാണ് അത്യാവശ്യം.

സ്ത്രീയുടെ മേല്‍ ബാധ്യത കെട്ടിവെക്കുക എന്നത് ലിബറല്‍ പുരുഷാധിപത്യത്തിന്റെ അജണ്ടയാണ്. തങ്ങളുടെ അജണ്ട വെളിവാകുന്നതിലെ ഭയം കാരണമാണ് മുതലാളിത്തം ഇതേ പുരുഷധിപത്യം ഇസ്ലാമിന് മേല്‍ ആരോപിക്കുന്നത്. ഇസ്‌ലാം സമ്പൂര്‍ണമാണ്. ഇസ്‌ലാമിക നിയമങ്ങളില്‍ ഒരു പരിഷ്‌കരണത്തിന്റെ ആവശ്യമില്ല. കാലാതിവര്‍ത്തിയായവന്റെ കാലാനുസൃതമായ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ബൗദ്ധിക പരിമിതിയുള്ള മനുഷ്യന്‍ ശ്രമിക്കുന്നത് പരമമായ അബദ്ധമാണ് സമ്മേളനം വ്യക്തമാക്കി.

കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ വനിത സമ്മേളനം വിസ്ഡം വുമണ്‍ സംസ്ഥാന പ്രസിഡന്റ് സഹറ സുല്ലമിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.വി ഫാഹിസ അധ്യക്ഷത വഹിച്ച ശില്‍പശാലയില്‍ സി.പി സലീം, സാദിക്ക് മദീനി, സുഹറ ടീച്ചര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. വിസ്ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് വി.ടി ബഷീര്‍, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി എ.എം ജംഷീര്‍, സ്റ്റുഡന്റസ് വിംഗ് ജില്ലാ സെക്രട്ടറി സുഹൈല്‍ കല്ലായി, ഹഫ്‌സ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.സി ജംഷീര്‍ സമാപന പ്രസംഗം നടത്തി. വിസ്ഡം വുമണ്‍ ജില്ലാ സെക്രട്ടറി നസീബ സിതാര സ്വാഗതവും ഹസീറ ബാനു നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *