ഡെറാഡൂണ്‍: ശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത് 13 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഡെറാഡൂണ്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
മഴക്കെടുതിയില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു നിലവില്‍, മഴ കനത്തതോടെ അളകനന്ദ നദിയിലെ അണക്കെട്ട് തുറന്നിട്ടുണ്ട്. ഇതോടെ, ദേവപ്രയാഗിലും, ഹരിദ്വാറിലും കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, അടുത്ത അഞ്ച് ദിവസങ്ങളില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ അനുഭവപ്പെട്ടേക്കും.
അണക്കെട്ടുകള്‍ പലതും തുറക്കുന്നതിനാല്‍, ഗംഗ ഉള്‍പ്പെടെയുള്ള നിരവധി നദികള്‍ അപകട രേഖയ്ക്ക് അടുത്തെത്തിയിരിക്കുകയാണ്. നിലവില്‍, ചമോലി ജില്ലയിലെ ജോഷിമഠിലെ നിതി ഘാട്ടിയില്‍ ഗിര്‍ഥി ഗംഗാ നദിയിലേക്ക് ഉയര്‍ന്ന അളവില്‍ മാലിന്യം ഒഴുകിയെത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ജോഷിമഠ്-മലരി റോഡിലെ പാലത്തിന്റെ അബട്ട്‌മെന്റ് തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ അതിതീവ്ര മഴയില്‍ ഉത്തരാഖണ്ഡിലെ പലയിടത്തും മണ്ണിടിച്ചല്‍ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ബദരീനാഥ് ദേശീയപാത ഉള്‍പ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്.