ഇന്ത്യയില്‍ റേഡിയോപ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാര്‍ഷികം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെമിനാറും പുസ്തകപ്രകാശനവും പുസ്തകോത്സവവും നാളെ

ഇന്ത്യയില്‍ റേഡിയോപ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാര്‍ഷികം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെമിനാറും പുസ്തകപ്രകാശനവും പുസ്തകോത്സവവും നാളെ

തിരുവനന്തപുരം: ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാര്‍ഷികത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘റേഡിയോ ചരിത്രം, സംസ്‌കാരം, വര്‍ത്തമാനം: ആകാശവാണി മുതല്‍ സ്വകാര്യ എഫ്.എം. വരെ’ എന്ന അക്കാദമിക് ഗ്രന്ഥത്തിന്റെ പ്രകാശനവും ഏകദിന മാധ്യമ സെമിനാറും റേഡിയോ ജോക്കികളുമായി സംവാദവും പുസ്തകോത്സവവും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാള വിഭാഗത്തില്‍ നാളെ (ജൂലൈ 18ന് ചൊവ്വാഴ്ച) നടക്കും. ആകാശവാണി മുന്‍ പ്രോഗ്രാം മേധാവിയും എഴുത്തുകാരനും നിരൂപകനുമായ കെ.എം നരേന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനവും പുസ്തകപ്രകാശനവും നിര്‍വഹിക്കും. കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജൈനിമോള്‍ കെ.വി രചിച്ച പുസ്തകം കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്.എം ആര്‍.ജെ റേഡിയോ മാംഗോ, കോഴിക്കോട് നിലയത്തിലെ ലിഷ്ണ എന്‍.സി ഏറ്റുവാങ്ങും. റേഡിയോ ക്ലബ് ഓഫ് ബോംബെ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചുതുടങ്ങിയത്. ഇത് പുനര്‍നാമകരണം ചെയ്താണ് ഓള്‍ ഇന്ത്യ റേഡിയോയും ആകാശവാണിയുമായത്.

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാള ഗവേഷണ വിഭാഗത്തിന്റെ സാംസ്‌കാരിക വേദിയായ വൈഖരിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.സത്യന്‍ ആധ്യക്ഷ്യം വഹിക്കും. പാല സെന്റ് തോമസ് കോളജ് മലയാള വിഭാഗം അസോ. പ്രൊഫസര്‍ ഡോ. തോമസ് സ്‌കറിയ പുസ്തകം പരിചയപ്പെടുത്തും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. രജനി, ചേളന്നൂര്‍ എസ്. എന്‍. കോളെജ് മലയാളവകുപ്പുമേധാവി ഡോ. ദീപേഷ് കരിമ്പുങ്കര, വൈഖരി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി. കെ. അനഘ, ഗ്രന്ഥകാരിയും കണ്ണൂര്‍ മാടായി സി.എ.എസ്. കോളജ് മലയാള വിഭാഗം അസി. പ്രൊഫസറുമായ ഡോ. ജൈനിമോള്‍ കെ.വി. എന്നിവര്‍ സംസാരിക്കും. ഗുരുവായൂരപ്പന്‍ കോളജ് മലയാളഗവേഷണവിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ആമുഖഭാഷണം നടത്തും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശികകേന്ദ്രം അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും റിസര്‍ച്ച് ഓഫീസറും പി.ആര്‍.ഒയുമായ റാഫി പൂക്കോം നന്ദിയും പറയും. പുസ്തകമേളയില്‍ 20 മുതല്‍ 25 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

തുടര്‍ന്ന് 11.30ന് റേഡിയോ: ജനപ്രിയ മാധ്യമം എന്ന വിഷയത്തില്‍ റേഡിയോ ജോക്കികള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ആര്‍.ജെ. മനു (റെഡ് എഫ്.എം, കോഴിക്കോട്), ആര്‍.ജെ. റാഷി (ക്ലബ് എഫ്.എം, കോഴിക്കോട്), ആര്‍.ജെ വിപിന്‍രാജ് (റിയല്‍ എഫ്.എം ആകാശവാണി, കോഴിക്കോട്), ബെന്‍സി അയ്യംപിള്ളി (പ്രോഗ്രാം മാനേജര്‍, റേഡിയോ മാംഗോ, കോഴിക്കോട്), പ്രിയരാജ് ഗോവിന്ദരാജ് (മാതൃഭൂമി സോഷ്യല്‍ മീഡിയ ക്രിയേറ്റീവ് ഹെഡ്), രമേഷ് കെ. (ആര്‍.ജെ., റേഡിയോ മാംഗോ), സാജുമോന്‍ എസ്. (റേഡിയോ അവതാരകന്‍, എഫ്.എ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്), ഡോ. ജൈനിമോള്‍ കെ.വി. (അസി. പ്രൊഫസര്‍, മലയാളവിഭാഗം, സി.എ.എസ്. കോളെജ് മാടായി, കണ്ണൂര്‍) എന്നിവര്‍ പങ്കെടുക്കും. റേഡിയോ മാംഗോ, കോഴിക്കോട് നിലയത്തിലെ ആര്‍.ജെ ലിഷ്ണ എന്‍. സി. മോഡറേറ്ററാകും. കോളെജ് മലയാളവിഭാഗം അസി. പ്രൊഫസര്‍മാരായ കെ.പി. ദിപിന്‍ രാജ് സ്വാഗതവും ഡോ. രമിളാദേവി പി.ആര്‍. നന്ദിയും പറയും.

ഉച്ചയ്ക്ക് ശേഷം 2മണി മുതല്‍ 3.30 വരെ റേഡിയോയും കേള്‍വി സംസ്‌കാരവും, മാധ്യമപ്രളയത്തില്‍ റേഡിയോയുടെ പ്രസക്തിയും വെല്ലുവിളിയും എന്നീ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറില്‍ എഴുത്തുകാരന്‍ ഒ.പി. സുരേഷ്, മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍ എന്നിവര്‍ സംസാരിക്കും. കോളജ് മലയാളവിഭാഗം അസി. പ്രൊഫസര്‍ ഡോ. ജി. ശ്രീരഞ്ജിനി മോഡറേറ്ററാകും. ഡോ. താരാ ആന്‍സി വിന്‍സെന്റ് നന്ദി പറയും.

റേഡിയോ സിദ്ധാന്തങ്ങളും പഠനങ്ങളും, റേഡിയോ ചരിത്രം സംസ്‌കാരം, കേള്‍വി സംസ്‌കാരവും ജനപ്രിയ മാധ്യമങ്ങളും കേരളീയ പശ്ചാത്തലം, സ്വകാര്യ എഫ്.എം റേഡിയോ ഫലപ്രാപ്തിയുടെ മാനങ്ങള്‍, സ്വകാര്യ എഫ്.എം പരിപാടികളും ശ്രോതാക്കളും എന്നീ ശീര്‍ഷകങ്ങളിലായി വിവിധ സര്‍വ്വകലാശാലകളിലെ പാഠ്യപദ്ധതിക്ക് അനുസരിച്ച് അഞ്ച് അധ്യായങ്ങളിലായി അക്കാദമിക തലത്തില്‍ തയ്യാറാക്കിയ ഗ്രന്ഥമാണിത്. 130 രൂപ വിലയുള്ള ഗ്രന്ഥം കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം പുസ്തകശാല, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് പ്ലാസ ജങ്ഷനിലെ പുസ്തകശാല, തിരുവനന്തപുരം സ്റ്റാച്യു, നളന്ദ ആസ്ഥാന പുസ്തകശാല, തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *