അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ഇമേജിങ് കോണ്‍ക്ലേവിന് തുടക്കമായി
കോഴിക്കോട്: ഹൃദയത്തിന്റെ വാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ക്ക് സമഗ്ര ചികിത്സ നല്‍കുന്ന ഉത്തര കേരളത്തിലെ ആദ്യത്തെ ‘സ്ട്രക്ച്ചറല്‍ ഹാര്‍ട്ട് ആന്‍ഡ് വാല്‍വ് സെന്റര്‍’ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന രാജ്യാന്തര അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ഇമേജിങ് കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ഓണ്‍ലൈനിലൂടെയാണ് സ്ട്രക്ച്ചറല്‍ ഹാര്‍ട്ട് ആന്‍ഡ് വാല്‍വ് സെന്റര്‍ നാടിന് സമര്‍പ്പിച്ചത്. കോണ്‍ക്ലേവില്‍ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള ഹൃദ്രോഗ വിദഗ്ധന്മാരുടെ നേതൃത്വത്തില്‍ നൂറോളം ഹൃദ്രോഗ വിദഗ്ധര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ഹൃദയ സംരക്ഷണത്തിനും ഹൃദയ വാല്‍വ് തകരാറുകള്‍ക്കും ഏറ്റവും നൂതന ചികിത്സ തന്നെ നല്‍കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഏകോപിപ്പിച്ചാണ് ‘സ്ട്രക്ച്ചറല്‍ ഹാര്‍ട്ട് ആന്‍ഡ് വാല്‍വ് സെന്റര്‍’ സജ്ജമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഹൃദ്രോഗത്തിന്റെ ശാസ്ത്രീയമായ പഠനത്തിലും നിര്‍ണയത്തിലും ചികിത്സയിലുമാണ് സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാല്‍വ് സംബന്ധ രോഗനിര്‍ണയത്തിലും ചികിത്സയിലും വൈദഗ്ധ്യമുള്ള ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകള്‍, കാര്‍ഡിയാക് സര്‍ജന്മാര്‍, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റുകള്‍, ഇമേജിങ് സ്‌പെഷ്യലിസ്റ്റുകള്‍ ഇന്റന്‍സിവിസ്റ്റുകള്‍ എന്നിങ്ങനെ ഉയര്‍ന്ന പരിശീലനം ലഭിച്ചവരാണ് ‘സ്ട്രക്ച്ചറല്‍ ഹാര്‍ട്ട് ആന്‍ഡ് വാല്‍വ് സെന്റര്‍’ ടീമില്‍ ഉള്‍പ്പെടുന്നത്.
വാല്‍വ് സംബന്ധമായ രോഗങ്ങള്‍, ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടാകുന്ന വാല്‍വ് ചോര്‍ച്ച, ഇതുമൂലമുണ്ടാകുന്ന അണുബാധ എന്നിവക്കെല്ലാം എത്രയും വേഗം ചികിത്സ നല്‍കേണ്ടതുണ്ട്. ഇതിന് പുറമേ വാല്‍വിന്റെ സ്ഥിതി മെച്ചപ്പെടുത്തല്‍, മാറ്റി സ്ഥാപിക്കല്‍ എന്നിവയും, ഹൃദയ വാല്‍വുകളുടെ ചുരുക്കം, ചോര്‍ച്ച എന്നീ പ്രശ്‌നങ്ങള്‍ക്കും ജന്മനാ സുഷിരങ്ങളോ ദ്വാരങ്ങളോ ഉണ്ടെങ്കില്‍ അതിനുമുള്ള ചികിത്സകളും സെന്ററില്‍ ലഭ്യമാക്കും. 3 ഡി, 4 ഡി ട്രാന്‍സോഫേജല്‍ എക്കോ, കാര്‍ഡിയാക് സി.ടി സ്‌കാന്‍, കാര്‍ഡിയാക് എം.ആര്‍.ഐ ഉള്‍പ്പെടെയുള്ള അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങള്‍ സെന്ററിലുണ്ടാകും. ചികിത്സ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും സൂക്ഷ്മമായി ക്രമീകരിക്കുന്നതിനും ഇവ സഹായിക്കുമെന്നും സങ്കീര്‍ണ്ണമായ ചികിത്സ നല്‍കുന്ന ഹൈബ്രിഡ് കാത്ത് ലാബ് ആവശ്യമെങ്കില്‍ ശസ്ത്രക്രിയാ തീയറ്ററായും പ്രവര്‍ത്തിക്കാനാകുമെന്ന് ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. ഷഫീഖ് മാട്ടുമ്മല്‍ പറഞ്ഞു.
ഇതിനോടകം സംസ്ഥാനത്തെ ഹൃദ്രോഗ ചികിത്സാ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള സ്ഥാപനമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ്. ഉത്തര കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാല്‍വ് മാറ്റിവെക്കുന്ന അതിനൂതനമായ ചികിത്സാ രീതിയായ ടാവി (ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍) ആരംഭിച്ചത് മിംസിലായിരുന്നു. ഇതിനോടകം 50 ടാവി ചികിത്സകള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്ന മികവും ആസ്റ്റര്‍ മിംസിനുണ്ട്.
യുവജനങ്ങളില്‍ കണ്ടുവരുന്ന സ്ട്രോക്കിന് (YOUNG STROKE) കാരണമാകുന്ന ഹൃദയത്തിലുണ്ടാകുന്ന സുഷിരത്തിനുള്ള ചികിത്സയും (Patent Foramen Ovale (PFO) Closure) ഇവിടെ ലഭ്യമാണ്. കത്തീറ്റര്‍ വഴി ഡിവൈസ് ക്ലോഷര്‍ ചെയ്ത് പരിഹരിക്കുന്ന ഈ ചികിത്സ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ അംഗീകാരത്തോടെ ചെയ്യുന്ന രാജ്യത്താകെയുള്ള അഞ്ച് സെന്ററുകളിലൊന്നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് എന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹൃദ്രോഗ വിദഗ്ധന്മാരെ കൂടാതെ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. ഷഫീഖ് മാട്ടുമ്മല്‍, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അനില്‍ സലിം, ഡോ. സല്‍മാന്‍ സലാഹുദ്ദിന്‍, ഡോ. ബിജോയ് .കെ, ഡോ. സുധീപ് കോശി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.