മയാമി: വാഹനാപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അർജന്റീൻ ഫുട്ബാൾ താരം ലയണൽ മെസ്സി. യുഎസിലെ ഫ്ളോറിഡയിലെ ഫോർട്ട് ലൗഡർഡെയിലാണ് സംഭവം. പോലീസ് എസ്കോർട്ടിനൊപ്പം സഞ്ചരിക്കുകയായിരുന്ന മെസ്സിയുടെ കാർ ഒരു സിഗ്നലിൽ എത്തിയപ്പോൾ റെഡ് ലൈറ്റ് ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. വാഹനങ്ങൾ ചീറിപ്പാഞ്ഞുവരുന്ന ട്രാക്കിലേക്കാണ് മെസ്സിയുടെ കാർ പ്രവേശിച്ചത്.
ഒപ്പമുണ്ടായിരുന്ന പോലീസ് കാർ സൈറൻ മുഴക്കിയതും മറ്റ് കാറുകളിലെ ഡ്രൈവർമാർ സമയോചിതമായി ഇടപെട്ടതും അപകടം ഒഴിവായതിന് കാരണമായെന്നാണ് കരുതുന്നത്. അതേസമയം മെസ്സിയാണോ കാർ ഓടിച്ചതെന്ന കാര്യം വ്യക്തമല്ല. സംഭവം കണ്ടുനിന്നവർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മെസ്സിയുടെ മേജർ ലീഗ് സോക്കർ ക്ലബ്ബ് ഇന്റർ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ ഏഴിനാണ് ഇന്റർ മയാമിയിലേക്ക് പോകുന്നതായി മെസ്സി അറിയിച്ചത്. 2025 വരെയാകും ക്ലബ്ബും മെസ്സിയുമായുള്ള കരാർ.
🚨 | Messi went through a red light. 😭Luckily he was being escorted home by a Florida State Police car.
— FCB Albiceleste (@FCBAlbiceleste) July 14, 2023