ഏക സിവില്‍ കോഡിനെതിരെ സി.പി.എം സംഘടിപ്പിച്ച സെമിനാര്‍ കോഴിക്കോട് സ്വപ്ന നഗരിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഏക സിവില്‍ കോഡിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക അജണ്ടയുണ്ട്. വര്‍ഗീയ ധ്രൂവീകരണത്തിനാണ് ഏക സിവില്‍ കോഡ് നടപ്പാക്കുന്നത്. രാജ്യത്ത് വൈവിധ്യവും ബഹുസ്വരതയും നിലനിര്‍ത്തേണ്ടത് അത്യാവശ്യമെന്നും യെച്ചൂരി പറഞ്ഞു.
ലിംഗ സമത്വത്തിന് വ്യക്തിനിയമത്തില്‍ മാറ്റം വരുത്തണം. എന്നാല്‍ അടിച്ചേല്‍പ്പിക്കരുത്. അതാത് വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി വേണം വ്യക്തി നിയമം പരിഷ്‌കരിക്കാന്‍. വര്‍ഗീയ ധ്രൂവീകരണത്തിന് മൂര്‍ച്ച കൂട്ടാനാണ് ഏക സിവില്‍ കോഡുമായി ബി.ജെ.പി വരുന്നതെന്നും യെച്ചൂരി പറഞ്ഞു.
എം.വി ഗോവിന്ദന്‍, എളമരം കരീം, ഇ.കെ വിജയന്‍, ജോസ് കെ മാണി, ശ്രേയാംസ് കുമാര്‍, സി. മുഹമ്മദ് ഫൈസി, എന്‍. അലി അബ്ദുള്ള, ഉമര്‍ ഫൈസി, പി.എം അബ്ദുസലാം ബാഖവി തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. താമരശ്ശേരി രൂപതയുടെയും സി.എസ്.ഐ സഭയുടെയും പ്രതിനിധികളും ദലിത് നേതാക്കളും എസ്.എന്‍.ഡി.പി പ്രതിനിധിയും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.