ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ രേഖാമൂലം പരാതി. ബ്രിജ് ഭൂഷണിന്റെ അനുയായി പരാതിക്കാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. സര്‍ക്കാര്‍ നിയോഗിച്ച മേല്‍നോട്ട സമിതിക്ക് ഇമെയില്‍ വഴിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പരാതിക്കാരില്‍ ഒരാള്‍ പരാതി നല്‍കിയത്. ഫെബ്രുവരി 13നാണ് മെയില്‍ അയച്ചത്.
ബ്രിജ് ഭൂഷന്റെ ആളുകള്‍ ‘ഇരയായ’ ഗുസ്തിക്കാരെ സമീപിച്ച് അവരുടെ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ‘2023 ഫെബ്രുവരി ഒന്‍പതിന് ജെ.എല്‍.എന്‍ സ്റ്റേഡിയത്തില്‍ വച്ച് മൊഴികള്‍ രേഖപ്പെടുത്തികൊണ്ടിരിക്കെ ആ മുറിയില്‍ ബ്രിജ് ഭൂഷന്റെ അനുയായികളായ ജയ് പ്രകാശ്, മഹാവീര്‍ ബിഷ്ണോയി, ദിലീപ് എന്നിവരുമുണ്ടായിരുന്നു. മൊഴികള്‍ പൂര്‍ണമായും രഹസ്യാത്മകമായിരിക്കുമെന്ന ഉറപ്പോടെയാണ് സമിതി മൊഴി രേഖപ്പെടുത്താന്‍ വിളിച്ചത്. ഇരയായ താരങ്ങളെ അവര്‍ സമീപിക്കുകയും സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
ബോക്‌സിങ് താരം മേരി കോം ഉള്‍പ്പെട്ട സമിതിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഗുസ്തി താരം യോഗേശ്വര്‍ ദത്ത്, ബബിത ഫോഗട്ട്, ബാഡ്മിന്റണ്‍ മുന്‍ തൃപ്തി മുര്‍ഗുണ്ടെ, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) മുന്‍ ഉദ്യോഗസ്ഥരായ രാധിക ശ്രീമാനന്ദ്, സി.ഡി.ആര്‍ രാജേഷ് രാജഗോപാലന്‍ എന്നിവരായിരുന്നു മറ്റ് സമിതി അംഗങ്ങള്‍. അതേസമയം, കുറ്റപത്രത്തിന്റെ ഭാഗമായ രേഖകള്‍ പ്രകാരം, സമിതിയുടെ കണ്ടെത്തലുകളോട് ബബിത യോജിക്കുന്നില്ലെന്നും പ്രതിഷേധ സൂചകമായാണ് അന്തിമ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.