കൊച്ചി: മുതലപ്പൊഴിയില്‍ പുലിമുട്ട് ഉണ്ടാക്കിയതിനുശേഷം ഉണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവര്‍ക്കുമായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ.എല്‍.സി.എ ആവശ്യപ്പെട്ടു. 2006ല്‍ പുലിമുട്ട് നിര്‍മ്മിച്ചതിനുശേഷം 125 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 69 ലധികം മരണവും 700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുതലപ്പൊഴിയില്‍ ഉണ്ടായ ദുരന്തത്തില്‍പെട്ടവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അപകടങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവര്‍ക്കും ജീവനോപാധി നഷ്ടമായവര്‍ക്കും പ്രത്യേക പാക്കേജിലൂടെ നഷ്ടപരിഹാരം നല്‍കണം.
മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുവെങ്കിലും അക്കാര്യത്തില്‍ ഇതുവരെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അതിന്റെ ഫലമായാണ് കഴിഞ്ഞ ദിവസവും നാലുപേര്‍ മരണപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ അതിന്റെ ഉത്തരവാദിത്വം പ്രശ്നപരിഹാരം നീട്ടിക്കൊണ്ടു പോകുന്നവരുടെ ചുമലിലാണ്. നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന സ്ഥിരം ജീവന് രക്ഷാസംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് ആവശ്യവും നിറവേറ്റപ്പെട്ടില്ല. എന്ത് കാരണങ്ങള്‍ കൊണ്ടാണ് മുതലപ്പൊഴിയില്‍ ശാസ്ത്രീയമായ രീതിയില്‍ പ്രശ്നപരിഹാരം നടക്കാത്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ആരാണ് ഉത്തരവാദികള്‍ എന്ന് പറയുകയും വേണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ സംയുക്തമായി മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തില്‍ അഭ്യര്‍ത്ഥിച്ചു.