ചേവായൂര്‍: കോഴിക്കോട് എന്‍ഐടി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎ വില്‍പന നടത്തിയ ആള്‍ പിടിയില്‍. മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത് വീട്ടില്‍ ശിഹാബുദ്ദീന്‍ (45) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. വാഹനത്തില്‍ നിന്നും ഇയാളുടെ ചേവായൂരിലെ ഫ്‌ലാറ്റില്‍ നിന്നുമായി 300 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു.
കോഴിക്കോട് ആന്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സഫ്) ചേവായൂര്‍ സബ് ഇന്‍സ്പെക്ടര്‍ വിനയന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വിദ്യാലയങ്ങള്‍ തുറന്നതോടെ കോഴിക്കോട് സിറ്റി പരിധിയിലെ സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ സജീവമാകുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയ്ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗള്‍ഫിലായിരുന്ന ഇയാള്‍ ജോലി നിര്‍ത്തി നാട്ടിലെത്തിയതിനു ശേഷം മയക്കുമരുന്ന് വില്‍പനയില്‍ സജീവമാകുകയായിരുന്നു.