യുവതലമുറ വായനയില്‍ നിന്ന് അകലുന്നുവെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന ഒരു പരിപാടിക്ക് നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സാക്ഷിയായി. ഭാഷാസമന്വയ വേദിയും നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളും ചേര്‍ന്ന് സംഘടിപ്പിച്ച എം.ടിക്ക് യുവതലമുറയുടെ നവതി നമസ്ക്കാരം പരിപാടിയില്‍ 5 മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ഏഴ് വിദ്യാര്‍ഥിനികള്‍ എം.ടിയുടെ ഓരോ കഥകളുടെ ആസ്വാദനം അവതരിപ്പിച്ചു.
വേദിക, മിയ ഷെറിന്, റിഷാനാ, മാറിയ ഹിസ്സത്ത്, പാര്‍വ്വതി വികാസ്, നേഹ, പ്രാര്‍ത്ഥന പങ്കെടുത്തു. ഡോ. ആര്‍സു പരിപാടി ഉദ്ഘാടനം ചെയ്തു. കാണാനുള്ള കണ്ണും പതിയാനുള്ള മനസ്സും ഉള്ളതുകൊണ്ടാണ് എം.ടിക്ക് സര്‍ഗ്ഗാത്മക രംഗത്ത് വിജയം വരിക്കാനായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനധ്യാപകന് സന്തോഷ് നിസ്വാര്‍ഥ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ കെ.ജി രഘുനാഥ്, ഡോ.ഗോപി പുതുക്കോട് കുട്ടികളുടെ ആസ്വാദനത്തെ വിലയിരുത്തി. യുവതലമുറ വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് അവര്‍ നിരീക്ഷിച്ചു. ഡോ. ഒ.വാസവന്, ഡോ.പി.കെ.രാധാമണി, എസ്.എ.ഖുദ്സി, സഫിയ നരിമുക്കില്‍, കെ.എം.വേണുഗോപാല്‍, റംസീന, രാധിക, പ്രണത നായര്‍ പ്രസംഗിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരമായി എം.ടിയുടെ പുസ്തകങ്ങളും നല്കി.