ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാഹുല്‍ ഗാന്ധി.
വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹര്‍ജി ജൂലായ് ഏഴിന് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചത്. സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനാല്‍ രാഹുലിന് ജയിലില്‍ പോവേണ്ടി വന്നില്ല.
ഈ കേസിനെ തുടര്‍ന്നാണ് രാഹുല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടത്. അതേസമയം വിധി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതിയും തള്ളിയാല്‍ രാഹുലിന് അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.