കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ മഴ യാത്ര നാളെ (ജൂലൈ 15 ശനി) രാവിലെ ഒന്‍പത് മണിക്ക് പക്രം ചുരത്തില്‍ നടക്കും. വളാന്തോട് നിന്നുമാണ് യാത്ര ആരംഭിക്കുക. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തിലേറെ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവര്‍ത്തകരും യാത്രയില്‍ അണിചേരും. അഞ്ച് കിലോമീറ്റര്‍ ആണ് വനത്തിന് നടുവിലെ പാതയിലൂടെ നടക്കുക. വിദ്യാര്‍ഥികള്‍ ലഘുഭക്ഷണവും ഉച്ചഭക്ഷണവും കരുതാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം ഒരു തരി പോലും വഴിയില്‍ ഉപേക്ഷിക്കരുത് എന്നും അവ തിരികെ കൊണ്ടുപോയി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് നല്‍കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2014 ലാണ് സേവ് മഴയാത്ര ആരംഭിച്ചത്. കോവിഡിനെ തുടര്‍ന്ന് 2020ല്‍ മാത്രമാണ് മഴയാത്ര മുടങ്ങിയത്. ‘മഴ നനഞ്ഞു കുളിരാം, മണ്ണറിഞ്ഞ് വളരാം’ എന്നതാണ് ഇത്തവണത്തെ മഴയാത്രയുടെ മുദ്രാഗീതം. മഴയാത്ര മുദ്രാഗീത മത്സരത്തില്‍ വിജയിയായ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസീല്‍ മുഹമ്മദിന്റെതാണ് ഇത്തവണത്തെ മുദ്രാഗീതം. മഴയാത്ര കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മഴയാത്രയ്ക്ക് പ്രൊഫ. ശോഭീന്ദ്രന്‍, മുന്‍ ഡി.ഡി.ഇ ഇ.കെ സുരേഷ് കുമാര്‍, വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണന്‍, സെഡ്.എ സല്‍മാന്‍, എം. ഷെഫീക്ക്, ആഷോ സമം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മഴയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.