വര്‍ക്കലയില്‍ വിവാഹത്തലേന്ന് പിതാവ് കൊല്ലപ്പെട്ട യുവതി വിവാഹിതയായി

വര്‍ക്കലയില്‍ വിവാഹത്തലേന്ന് പിതാവ് കൊല്ലപ്പെട്ട യുവതി വിവാഹിതയായി

തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. ചെറുമയ്യൂര്‍ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവച്ചത്. വര്‍ക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ശിവഗിരി ശാരദാ മഠത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് വളരെ ചെറിയ രീതിയിലാണ് നടത്തിയത്. വിനുവിന്റെ കുടുംബം മുന്‍കൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തില്‍ വച്ച് നടത്തിയത്.

കൊല്ലപ്പെട്ട രാജു ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചതിലെ വൈരാഗ്യം മൂലം വിവാഹത്തലേന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ജിഷ്ണുവും സഹോദരന്‍ ജിജിനും സുഹൃത്തുക്കളായ ശ്യം, മനു എന്നിവരും പ്രശ്‌നമുണ്ടാക്കുകയായിരുന്നു. പിന്നാലെ മണ്‍വെട്ടി കൊണ്ട് രാജുവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാലംഗ സംഘത്തെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. കേസില്‍ നാല് പേരും റിമാന്‍ഡിലാണ്.

https://peoplesreview.co.in/kerala/52220

Share

Leave a Reply

Your email address will not be published. Required fields are marked *