കോഴിക്കോടിനെ ജീവിക്കാന്‍ ഏറ്റവും അനുയോജ്യവും സുസ്ഥിരവും ആക്കി മാറ്റുന്നതിനായി യുകെയിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ വെല്‍ഷ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥികളും സ്റ്റാഫും വികസിപ്പിച്ചെടുത്ത ഗവേഷണ, ഡിസൈന്‍ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ‘ലിവബ്ള്‍ അര്‍ബനിസം എക്‌സിബിഷന്‍ 2023’ എന്ന പേരുള്ള ഈ പ്രദര്‍ശനം 2023 ജൂലൈ 15 മുതല്‍ 17 വരെ കോഴിക്കോട് വെള്ളയില്‍ ബീച്ച് റോഡിലുള്ള ആസ്പിന്‍ കോര്‍ട്ട് യാഡ്‌സില്‍ ആണ് നടക്കുന്നത്. വെയില്‍സ് ഗവണ്‍മെന്റ്, കേരളസര്‍ക്കാര്‍, കോഴിക്കോട് നഗരസഭ, കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സംസ്ഥാനസര്‍ക്കാരിന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നിവ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
യുകെയിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ വെല്‍ഷ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ ഡിസൈന്‍ സ്റ്റുഡിയോ യൂണിറ്റാണ് ‘ലിവബിള്‍ അര്‍ബനിസം’. ഈ സ്റ്റുഡിയോയില്‍ അവിടത്തെ ബിരുദവിദ്യാര്‍ത്ഥികളും എംആര്‍ക് വിദ്യാര്‍ത്ഥികളും ഒരുമിച്ചാണു പ്രവര്‍ത്തിക്കുന്നത്. വികസ്വര (ഗ്ലോബല്‍ സൗത്ത്) രാജ്യങ്ങളിലെ അതിവേഗം വളരുന്ന നഗരങ്ങളെപ്പറ്റി പഠിക്കുകയും അവയെ താമസയോഗ്യവും സുസ്ഥിരവും ആക്കുന്നതിനുള്ള തെളിവധിഷ്ഠിത നഗരതന്ത്രങ്ങളും ആര്‍ക്കിടെക്ചറല്‍ ഇടപെടലുകളും വികസിപ്പിക്കുകയും ചെയ്യുകയാണ് ഈ സ്റ്റുഡിയോയുടെ ലക്ഷ്യം. ഇത്തരത്തില്‍ ഇവര്‍ നടത്തുന്ന പഠനം ധാരാളം പുരസ്‌ക്കാരങ്ങളും അക്കാദമിക സമൂഹത്തിന്റെ അംഗീകാരവും നേടിയിട്ടുണ്ട്. നാല് RIBA വെള്ളി മെഡല്‍ നോമിനേഷനുകള്‍, ഒരു വെങ്കല മെഡല്‍ നോമിനേഷന്‍, ഒരു ബ്ലൂപ്രിന്റ് അവാര്‍ഡ്, കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള 3ഃ ഗ്രാജുവേഷന്‍ പ്രോജക്ട് അവാര്‍ഡുകള്‍, ഇന്റര്‍നാഷണല്‍ അര്‍ബന്‍ ഡിസൈന്‍ അവാര്‍ഡുകള്‍ തുടങ്ങിയവ പുരസ്‌കാരങ്ങളില്‍ പെടും. സാധാരണഗതിയില്‍, ഗവേഷണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും മതിയായ ആഴത്തിലുള്ള വിവരങ്ങള്‍ ലഭിക്കാനായി രണ്ടും മൂന്നും വര്‍ഷം ഈ സ്റ്റുഡിയോ ഒരേ നഗരത്തില്‍ പ്രവര്‍ത്തിക്കും. ഈ പഠനം 2018-19ല്‍ മംഗലാപുരത്തും 2019-2022ല്‍ കൊച്ചിയിലും ഇവര്‍ നടത്തിയിരുന്നു.
കോഴിക്കോടിനുവേണ്ടി ഈ സ്റ്റുഡിയോ നടത്തിയ ആദ്യവര്‍ഷത്തെ പ്രവര്‍ത്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇവര്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍, പ്രധാന കണ്ടെത്തലുകള്‍ എന്നിവയ്‌ക്കൊപ്പം, കോഴിക്കോട്ടെ ജീവിതനിലവാരം, സമ്പദ്വ്യവസ്ഥ, പരിസ്ഥിതി, സാമൂഹിക-സാംസ്‌കാരികസ്വത്വം എന്നിവയെ സാരമായി ബാധിക്കുന്ന ചില വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ ടീം വികസിപ്പിച്ച ചില പ്രാരംഭ ആശയങ്ങളും നിര്‍ദ്ദേശങ്ങളും എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ താമസക്കാരും നഗരജീവിതത്തിന്റെ ഘടകങ്ങളില്‍ ഭാഗഭാക്ക് ആകുന്നവരും ഗവേഷണസംഘവും തമ്മില്‍ ആശയവിനിമയം ഒരുക്കുകയാണ് ഈ എക്‌സിബിഷന്റെ മറ്റൊരു ലക്ഷ്യം.
കോവിഡ് മഹാമാരിക്കാലത്ത് കൊച്ചിയെപ്പറ്റി സ്റ്റുഡിയോ നടത്തിയ വെര്‍ച്വല്‍ എക്‌സിബിഷന്‍ ഉള്‍പ്പെടെ യൂണിറ്റിന്റെ ഗവേഷണത്തിന്റെയും നിര്‍ദ്ദേശങ്ങളുടെയും സ്‌നാപ്പ്‌ഷോട്ട് അവരുടെ വെബ്‌സൈറ്റില്‍ ഉണ്ട്: http://liveableurbanism.wixsite.com/liveableurbanism