മാഹി മേഖലയിലെ വിദ്യാലയങ്ങളിലെ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണം: മാഹി സംയുക്ത അധ്യാപക രക്ഷാകര്‍തൃ സമിതി

മാഹി മേഖലയിലെ വിദ്യാലയങ്ങളിലെ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണം: മാഹി സംയുക്ത അധ്യാപക രക്ഷാകര്‍തൃ സമിതി

മാഹി: മാഹി മേഖലയിലെ വിദ്യാലയങ്ങളിലെ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ ഓഫിസില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് മാഹി സംയുക്ത അധ്യാപക രക്ഷാകര്‍തൃ സമിതി ആവശ്യപ്പെട്ടു. സംഘടന മേഖലയില്‍ സംഘടിപ്പിച്ച സമര പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടാണ് അദ്ദേഹം വാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് പോണ്ടിച്ചേരി സമഗ്ര ശിക്ഷ ഫണ്ടില്‍ നിന്ന് പ്രത്യേകം തുക അനുവദിപ്പിച്ച് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാകപക നിയമനം നടത്തി താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ചു എങ്കിലും സ്ഥിരം അധ്യാപക നിയമനം നടത്തുമെന്ന് ഉറപ്പ് പാലിച്ചില്ല.
മയ്യഴിലെ മിക്ക സ്‌കൂളുകളിലും മലയാളം, അറബിക്, സംസ്‌കൃതം ഭാഷ അധ്യാപകരുടെയും സോഷ്യല്‍ സയന്‍സ്, ഫിസിക്‌സ്, ഹിസ്റ്ററി വിഷയങ്ങളിലും അധ്യാപകരില്ലാതെ നെട്ടോട്ടം ഓടുന്ന സ്ഥിതിയിലാണ് . അധ്യാപകര്‍ വിരമിക്കുമ്പോള്‍ പകരം സ്ഥിരം അധ്യാപക നിയമനം നടത്തുന്ന രീതി വര്‍ഷങ്ങളായി ഇവിടെ ഇല്ല. മൂന്നു ഗവ.എല്‍.പി,സ്‌കൂളിലും ഉസ്മാന്‍ ഗവ ഹൈസ്‌ക്കൂള്‍, ഫ്രഞ്ച് ഹൈസ്‌കൂള്‍, മാഹി ഗവ.മിഡില്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഹെഡ്മാസ്റ്റര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഇത്തരം അനാസ്ഥ അവസാനിപ്പിക്കാന്‍ മാഹി അഡ്മിനിസ്‌ട്രേഷനും വിദ്യാഭ്യാസ വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ മാഹി സംയുക്ത അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ മയ്യഴി മേഖലയിലെ എല്ലാ വിദ്യാലയങ്ങളിലെ അധ്യാപക രക്ഷാകര്‍തൃ സമിതികളുമായി കൂടി ആലോചിച്ച് അനിശ്ചിതകാല സമര പ്രക്ഷോഭപരിപാടികള്‍ക്കു തുടക്കംകുറിക്കുമെന്ന് സമിതി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ നിന്ന് വാങ്ങുന്ന പി.ടി.എ ഫണ്ട് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടതില്‍ സംഘടന പ്രതിഷേധിച്ചു. സ്‌കൂളിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫണ്ട് ഉപയോഗിക്കുന്നത്. കൂടാതെ അധ്യാപകര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പി.ടി.എ ഫണ്ട് ഉപയോഗിച്ച് അധ്യാപകരെ നിയമിച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്‌കൂളുകളില്‍ നിന്ന് പി.ടി.എ അധ്യാപകരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഷാനിദ് മേക്കുന്ന്, ജനറല്‍ സെക്രട്ടറി കെ.വി സന്ദീവ്,രാജീവന്‍ എ.എം, ജയതിലകന്‍ മാസ്റ്റര്‍, സി.പി.അനില്‍, അഫില സി.എച്ച്, ജസ്‌ന പി.ടി, സുനില്‍ വി എന്നിവരുടെ നേതൃത്വത്തില്‍ മാഹി എം.എല്‍ എ, റീജിണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരെ നേരില്‍ കണ്ട് നിവേദനം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *