ന്യൂഡല്‍ഹി: പ്രൊഫഷണല്‍ കോഴ്സുകളുടെ സിലബസ് പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം നിരസിച്ച് രാജ്യത്തെ ഐ.ഐ.എമ്മുകള്‍. നിര്‍ദേശം പാലിക്കാന്‍ കഴിയില്ലെന്ന് മൂന്ന് ഐ.ഐ.എം ക്യാംപസുകള്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ മറ്റ് 17 ക്യാംപസുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചതായും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
പ്രൊഫഷണല്‍ കോഴ്സുകളുടെ പുസ്തകങ്ങള്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (AICTE) വികസിപ്പിച്ച വിവര്‍ത്തന സഹായി ഉപയോഗിച്ച് പ്രാദേശിക ഭാഷകളിലേക്ക് മാറ്റണമെന്ന് 2021 ഒക്ടോബറിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെടുന്നത്. പ്രാദേശിക ഭാഷകളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കം. രണ്ട് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 75 സര്‍വകലാശാലകളെങ്കിലും പ്രവര്‍ത്തനത്തില്‍ പങ്കെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യുജിസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് 2021 നവംബറില്‍ ഐ.ഐ.എം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന മറുപടിയാണ് ഐ.ഐ.എം ബാംഗ്ലൂര്‍, ഐ.ഐ.എം കാശിപുര്‍, ഐ.ഐ.എം ഉദയ്പുര്‍ എന്നിവ നല്‍കിയത്. ബാക്കിയുള്ള ഐ.ഐ.എമ്മുകളില്‍ 17 എണ്ണവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐ.ഐ.എം ബാംഗ്ലൂര്‍, ഒരു മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണെന്നും വിവര്‍ത്തനത്തിനുള്ള പുസ്തകങ്ങള്‍ ഇല്ലെന്നുമായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് നല്‍കിയ മറുപടി. ഇത് തങ്ങളെ സംബന്ധിക്കുന്ന വിഷയമല്ല എന്നായിരുന്നു മറ്റ് രണ്ട് ക്യാംപസുകളുടെയും പ്രതികരണം.
അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കീഴില്‍ ഐ.ഐ.ടികളിലും എന്‍.ഐ.ടികളിലും കോഴ്സുകള്‍ പഠിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ എ.ഐ.സി.ടി.ഇ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തുവരികയാണ്.