കോഴിക്കോട്: സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്‍ (എസ്എഫ്‌സിടിഎസ്എ) 4-ാമത് സംസ്ഥാന സമ്മേളനം 14,15 തിയതികളില്‍ കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉല്‍ഘാടനം ചെയ്യും. എസ്എഫ്‌സിടിഎസ്എ സംസ്ഥാന പ്രസിഡണ്ട് ഡോ.പി.കെ.ബിജു അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ഡോ.എ.അബ്ദുല്‍ വഹാബ് റിപ്പോര്‍ട്ടവതരിപ്പിക്കും. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ മാനേജ്‌മെന്റുകള്‍ കൊടിയ ചൂഷണമാണ് നടത്തുന്നതെന്നവര്‍ പറഞ്ഞു. സംഘടനാ സ്വാതന്ത്ര്യം പോലും പല സ്ഥാപനങ്ങളിലും നിഷേധിക്കുകയാണ്. ശമ്പളം സംബന്ധിച്ച് സര്‍ക്കാര്‍ റൂള്‍ നിലവിലില്ലാത്തതിനാല്‍ ചെറിയ ശമ്പളത്തിനാണ് ജോലിയെടുക്കേണ്ടി വരുന്നത്. അകാരണമായി പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറക്കല്‍, രേഖയിലുള്ള ശമ്പളം നല്‍കാതിരിക്കല്‍ എന്നീ സാഹചര്യങ്ങളും അഭിമുഖീകരിക്കേണ്ടി വരികയാണ്. 2021 നവംബര്‍ 14ന് സ്വാശ്രയ നിയമം അധ്യാപകരും അനധ്യാപക ജീവനക്കാരും ബില്‍ 21 എന്ന നിയമം നിയമസഭ പാസാക്കിയെങ്കിലും സര്‍വ്വകലാശാലകള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മെഡിക്കല്‍, എഞ്ചിനീയറിംഗ്, ആര്‍ട്‌സ് ആന്റ് സയന്‍സ്, ടീച്ചേഴ്‌സ് ട്രെയിനിംഗ്, ഫാര്‍മസി രംഗത്തെ ബിരുദ ബിരുദാനന്തര ഗവേഷണ വിദ്യാഭ്യാസം 75% സ്വാശ്രയ മേഖലയിലാണ്. സംസ്ഥാനത്തെ ആയിരത്തിലധികം സ്ഥാപനങ്ങളില്‍ 50,000ത്തിലധികം അധ്യാപക-അനധ്യാപക ജീവനക്കാരാണ് ഈ മേഖലയില്‍ ജോലിയെടുക്കുന്നത്.
കോവിഡ് കാലത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. കോവിഡിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവൊന്നും ഒരു സ്ഥാപനവും നല്‍കിയിട്ടില്ല. എന്നാല്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമുള്‍പ്പെടെയുള്ളവ വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാലത്ത് സ്ഥാപനങ്ങള്‍ക്ക് അനുബന്ധ ചിലവുകളായ ഇലക്ട്രിസിറ്റി ബില്ലുപോലുള്ളവ പോലും അടക്കാതെ ഓണ്‍ലൈനിലാണ് ക്ലാസ്സുകള്‍ നടന്നത്. ആയിരക്കണക്കിന് കോടി രൂപയാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ നേടുന്നത്. അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ യഥാര്‍ഥത്തില്‍ നല്‍കാതെ മറ്റു തരത്തിലുള്ള ചിലവുകള്‍ക്കാണ് ഫണ്ടുപയോഗിക്കുന്നത്. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലപോലെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താന്‍ സ്വാശ്രയ നിയമം സര്‍വ്വകലാശാലകള്‍ നടപ്പാക്കണം. ഉന്നത വിദ്യാഭ്യാസത്തിന് സ്വാശ്രയ നിയമം എന്നതാണ് 4-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയം. വിവിധ ജില്ലകളില്‍ നിന്നായി 300ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
എസ്.കെ.പൊറ്റക്കാട്ട് ഓഡിറ്റോറിയത്തില്‍ 15ന് പ്രതിനിധി സമ്മേളനം നടക്കുന്നത്. 14ന് വൈകുന്നേരം 3 മണിക്ക് ടൗണ്‍ഹാളില്‍ സമ്മേളനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഡോ.എ.അബ്ദുല്‍ വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം എം.സി മനീഷ, ജില്ലാ പ്രസിഡണ്ട് ഇ.എന്‍ പത്മനാഭന്‍ പങ്കെടുത്തു.