യുണിഫോം സിവില്‍ കോഡ്; യുഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം ഒറ്റപ്പെട്ടു- കെ. സുധാകരന്‍

യുണിഫോം സിവില്‍ കോഡ്; യുഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം ഒറ്റപ്പെട്ടു- കെ. സുധാകരന്‍

തിരുവനന്തപുരം: യുണിഫോം സിവില്‍ കോഡിന്റെ പേരില്‍ യുഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം കേരളീയ പൊതുസമൂഹത്തിലും ഒറ്റപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഐയെ പോലും ബോധ്യപ്പെടുത്താനാകാത്ത സിപിഎം ഏകവ്യക്തി നിയമത്തില്‍ ഒന്നിനു പിറകേ ഒന്നായി തിരിച്ചടികള്‍ നേരിടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

പ്രമുഖരായ നിരവധി വ്യക്തികളും സാമൂഹിക സംഘടനകളും സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിനെ പിടിക്കാന്‍ പോയവര്‍ക്ക് ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കക്ഷത്തിലിരുന്നതു പോകുകയും ചെയ്തു. ഐക്യജനാധിപത്യമുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം, ഇടതുമുന്നണിയെ പൊട്ടിത്തറിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്.

സിപിഐയുടെ പ്രമുഖ നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്നു തീരുമാനിച്ചത് സിപിഎമ്മിന്റെ മുഖത്തേറ്റ അടിയാണ്. സിപിഐയെ മൂലയ്ക്കിരുത്തിയുള്ള സിപിഎമ്മിന്റെ ഏകപക്ഷീയമായ പോക്കുമൂലം മുന്നണി തന്നെ ശിഥിലമാകുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

മൂന്നൂ മാസത്തിലധികമായി ഇടതുമുന്നണി യോഗം ചേര്‍ന്നിട്ട്. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ ഇടഞ്ഞുനില്‍ക്കുന്ന ജയരാജനെ റിസോര്‍ട്ട് വിഷയത്തില്‍ പാര്‍ട്ടി കൈവിട്ടതും അദ്ദേഹത്തെ ചൊടിപ്പിച്ചു. കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയും വിപണനവും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കമ്പനിയെ മന്ത്രിസഭായോഗത്തില്‍ വച്ച് മുഖ്യമന്ത്രി വെട്ടിയത് സിപിഐയുടെ കൃഷിമന്ത്രി പി.പ്രസാദിന് കനത്ത തിരിച്ചടിയായി. കടക്കെണിയിലാകുന്ന കര്‍ഷകര്‍ക്ക് ഒരു തവണമാത്രം കടാശ്വാസം നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനവും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇഎംഎസിനെയും ഇ.കെ. നായനാരെയും പോലുള്ള പ്രമുഖ നേതാക്കളെ തള്ളിക്കളയുന്ന അഭിനവ നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പുണ്ട്. രാഷ്ട്രീയലക്ഷ്യം മാത്രം മുന്നില്‍ നിര്‍ത്തി കേരളീയ സമൂഹത്തെ വര്‍ഗീയവത്കരിക്കുന്ന സിപിഎം നിലപാടുകളില്‍ പാര്‍ട്ടിക്കകത്ത് അതൃപ്തിയുള്ളവരും ഏറെയാണെന്നും സുധാകരന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *