യമുന കരകവിഞ്ഞു; ഡൽഹി ന​ഗരം കടുത്ത പ്രളയക്കെടുതിയിൽ

യമുന കരകവിഞ്ഞു; ഡൽഹി ന​ഗരം കടുത്ത പ്രളയക്കെടുതിയിൽ

ന്യൂഡല്‍ഹി: ഡൽഹി ന​ഗരം കടുത്ത പ്രളയക്കെടുതിയിൽ. യമുനാനദി കരകവിഞ്ഞതോടെ ഡൽഹിയിലെ റോഡുകൾ പലതും വെള്ളത്തിനടിയിലായി. യമുനാ ബസാര്‍ പ്രദേശത്ത് നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

കൂറ്റന്‍ ട്രക്കുകളും ബസ്സുകളുമടക്കം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ പലതും ഒഴുകിപ്പോവാതിരിക്കാൻ കയർ കൊണ്ട് ബന്ധിച്ചിട്ടുണ്ട്. ബോട്ട് ഉപയോ​ഗിച്ച് ആളുകളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ കടുത്ത ​ഗതാ​ഗതക്കുരുക്കും സൃഷ്ടിക്കപ്പെട്ടു.

ചെങ്കോട്ടയുടെ പരിസരത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിടുള്ളതിനാൽ ചെങ്കോട്ടയിലേക്ക് രണ്ട് ദിവസത്തേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ 350 മീറ്റര്‍ അടുത്തുവരെ പ്രളയജലം എത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെയാണ് നിലവില്‍ ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുണ്ട്. പലയിടങ്ങളിൽ നിന്നായി 2500 പേരെ ഒഴിപ്പിച്ചു. യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച ഉച്ചയോടെ 208.62 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *