യമുനയില്‍ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍; ഡല്‍ഹിയില്‍ റോഡുകളില്‍ വെള്ളം കയറി, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

യമുനയില്‍ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍; ഡല്‍ഹിയില്‍ റോഡുകളില്‍ വെള്ളം കയറി, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

ന്യൂഡല്‍ഹി: യമുനയിലെ ജലനിരപ്പ് മുന്‍പെങ്ങുമില്ലാത്തവിധം ഉയര്‍ന്നു. ഇതോടെ ഡല്‍ഹി വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ തന്നെ വെള്ളത്തിലാണ്. അപകടനിലയേക്കാള്‍ മൂന്ന് മീറ്റര്‍ ഉയരത്തിലാണ് യമുനയിലിപ്പോള്‍ ജലനിരപ്പ്. ഇപ്പോഴത്തെ ജലനിരപ്പ് 208.46 മീറ്ററായി. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഇതിനു മുന്‍പ് 1978 ലാണ് ജലനിരപ്പ് 207 മീറ്റര്‍ കടന്നത്. മഴയ്ക്കൊപ്പം ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതുമാണ് അപകടകരമായ സാഹചര്യത്തിന് കാരണം. സാഹചര്യം ആശങ്കാജനകമെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. നദിയിലേക്കുള്ള നീരൊഴുക്ക് രാവിലെ വരെ തുടരുമെങ്കിലും ഉച്ചയോടെ താഴുമെന്നാണ് ജല കമ്മീഷന്‍ നല്‍കുന്ന വിവരം. 16,500 പേരെ ഇതിനോടകം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
യമുനയിലെ ജലനിരപ്പ് രാത്രിയില്‍ കൂടുതല്‍ ഉയര്‍ന്നതോടെ വീടുകളും റോഡുകളും വെള്ളത്തിനടിയിലായിരിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. .ഹരിയാനയിലെ ഹഥിനികുണ്ഡ് ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ബാരേജില്‍ നിന്നുള്ള വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബാരേജില്‍ നിന്ന് അധിക വെള്ളം തുറന്നുവിടേണ്ടതുണ്ട് എന്നാണ് കേന്ദ്രം മറുപടി നല്‍കിയത്.

ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. യമുന ബസാര്‍, മൊണസ്ട്രി മാര്‍ക്കറ്റ്, ഗീതാ ഘട്, ഓള്‍ഡ് റെയില്‍വെ ബ്രിഡ്ജ് മേഖലയിലെല്ലാം വെള്ളപ്പൊക്കമാണ്. സാഹചര്യം പരിഗണിച്ച് ഗീത കോളനി ശ്മശാനം അടച്ചു. വടക്കന്‍ ഡല്‍ഹിയിലെ റിങ് റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 47 കിലോമീറ്റര്‍ നീളമുള്ള ഔട്ടര്‍ റിങ് റോഡ് പ്രധാന ഗതാഗത പാതയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് സമീപം വരെ വെള്ളം കയറിയിട്ടുണ്ട്.

ദുരന്ത സാഹചര്യം കണക്കിലെടുത്ത് യമുന നദിക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു. സ്ഥിതിഗതികള്‍ വഷളാകുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) അറിയിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു. യമുനയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ 10 സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും.

യമുനയുടെ ജല നിരപ്പ് ഇനിയും ഉയരാതിരിക്കാന്‍ ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ നിന്ന് മിതമായ നിരക്കില്‍ മാത്രം വെള്ളം തുറന്നുവിടണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. രാത്രി ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ നിന്ന് നിന്ന് 1,47,857 ക്യുസെക്‌സ് വെള്ളമാണ് തുറന്നുവിട്ടത്. ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ പരിമിതമായ അളവിലെ ജലം സംഭരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും നീരൊഴുക്ക് കൂടുന്നതിനനുസരിച്ച് ജലം താഴേയ്ക്ക് തുറന്ന് വിടുമെന്നും കേന്ദ്ര ജല കമ്മീഷന്‍ വ്യക്തമാക്കി.
ഓള്‍ഡ് ഡല്‍ഹിയില്‍ പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളായതിനാല്‍ നിഗംബോധ് ഘട്ട് ശ്മശാനസ്ഥലം ഉപയോഗിക്കരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു വരുന്നതായി അദികൃതര്‍ അറിയിച്ചു. തീര പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേ സമയം ഗംഗ നദിയിലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് പശ്ചിമ യുപിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *