മൂന്നുവര്‍ഷംകൊണ്ട് കേരളത്തില്‍നിന്ന് പേവിഷബാധ നിര്‍മാര്‍ജനം ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി

മൂന്നുവര്‍ഷംകൊണ്ട് കേരളത്തില്‍നിന്ന് പേവിഷബാധ നിര്‍മാര്‍ജനം ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി

മുളന്തുരുത്തിയില്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കേരളത്തില്‍ നിന്നും മൂന്നുവര്‍ഷംകൊണ്ട് പേ വിഷബാധ നിര്‍മാര്‍ജനം ചെയ്യുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മുളന്തുരുത്തിയില്‍ പ്രവര്‍ത്തനമാരംഭിച്ച അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രത്തിന്റെ (എ.ബി.സി) ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിരോധനടപടികള്‍ എത്രയും വേഗത്തിലാക്കാന്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുമായി സര്‍ക്കാര്‍ കരാര്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ ഏജന്‍സിയുടെ നേതൃത്വത്തില്‍ മൂന്നുവര്‍ഷം കൊണ്ട് മുഴുവന്‍ തെരുവുനായകള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എ.ബി.സി ചട്ടങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങള്‍ ഒഴിവാക്കുന്നതിന് ചട്ടങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. തെരുവുനായയുടെ കടിയേറ്റാല്‍ വാക്‌സിന്‍ കൃത്യമായി എടുക്കണം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മരണം സംഭവിച്ചിരിക്കുന്നത് വാക്‌സിന്‍ എടുക്കാത്തവരിലാണ്.

സംസ്ഥാനത്ത് കൂടുതല്‍ എ.ബി.സി സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി 25 കേന്ദ്രങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 15 എണ്ണത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കും. ഇതുവരെ 170 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിര്‍ത്തിവച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണം. എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ എ.ബി.സി പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍, കോടതി ഉത്തരവിനെ തുടര്‍ന്നാണ് പദ്ധതി നിര്‍ത്തലാക്കിയത്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് മാറ്റുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ പഞ്ചായത്തുകള്‍ക്കും നല്‍കിയിട്ടുണ്ട്. 431 പഞ്ചായത്തുകള്‍ ഫണ്ട് മാറ്റിയിട്ടുണ്ട്. ബാക്കി പഞ്ചായത്തുകളിലും ഫണ്ട് മാറ്റുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത്, മുളന്തുരുത്തി, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകള്‍, മുളന്തുരുത്തി, ആമ്പല്ലൂര്‍, ഉദയംപേരൂര്‍, ചോറ്റാനിക്കര, മണീട് എടക്കാട്ടുവയല്‍, പാമ്പാക്കുട രാമമംഗലം, തിരുമാറാടി, പാലക്കുഴ ഇലഞ്ഞി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് മുളന്തുരുത്തി വെറ്ററിനറി പോളിക്ലിനിക്കിന് ലഭ്യമായ സ്ഥലത്ത് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി നേടിയ ഒരു എ.ബി.സി കേന്ദ്രം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ എബിസി കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുഖ്യപങ്കുവഹിച്ച ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. മറിയാമ്മ തോമസ്, എ.ബി.സി നോഡല്‍ ഓഫിസര്‍ ഡോ. എസ്. അനില്‍കുമാര്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍, എം. പി. ജില്ലാ കലക്ടര്‍ എന്‍. എസ്. കെ. ഉമേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു .പി നായര്‍, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മറിയാമ്മ ബെന്നി, കെ.ആര്‍ ജയകുമാര്‍, സജിത മുരളി, എം.ആര്‍ രാജേഷ്, വി.ജെ ജോസഫ്, തോമസ് തടത്തില്‍, അഡ്വ. സന്ധ്യാ മോള്‍ പ്രകാശ്, കെ.എ ജയ, പ്രീതി അനില്‍, പിറവം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പ്, കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ എല്‍ദോ ടോം പോള്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി.എ ഫാത്തിമ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *