ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മലയാളിയായ അബ്ദുല്ല അബൂബക്കറിന് സ്വര്‍ണം. ചാമ്പ്യന്‍ ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണം നേടാനായി. അബ്ദുല്ലയ്ക്ക് പുറമെ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജി, പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ എന്നിവരാണ് സ്വര്‍ണം നേടിയത്. ഇതോടൊപ്പം വനിതകളുടെ 400 മീറ്ററില്‍ ഐശ്വര്യ മിശ്രയും ഡെക്കാത്തലണില്‍ തേജസ്വിന്‍ ശങ്കറും വെങ്കലം നേടി.
ട്രിപ്പിള്‍ ജമ്പില്‍ 16.92 മീറ്റര്‍ കണ്ടെത്തിയാണ് അബ്ദുല്ല അബൂബക്കര്‍ സ്വര്‍ണമണിഞ്ഞത്. ജപ്പാന്റെ ഇകെഹാത ഹികാരു (16.73 മീ), കൊറിയയുടെ ജാങ്വൂ കിം (16.59 മീറ്റര്‍) എന്നിവരെ മറികടന്നായിരുന്നു അബൂബക്കറിന്റെ നേട്ടം. ആദ്യ ശ്രമം തന്നെ ഫൗളായെങ്കിലും നാലാം ശ്രമത്തില്‍ 16.92 മീറ്റര്‍ ചാടിയ അബൂബക്കര്‍ സ്വര്‍ണം ഉറപ്പിച്ചു.
23-കാരിയായ ജ്യോതി യാരാജി 13.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഹര്‍ഡില്‍സില്‍ സ്വര്‍ണമണിഞ്ഞത്. 12.82 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തിട്ടുള്ള താരമാണ് ജ്യോതി. എന്നാല്‍ ബാങ്കോക്കിലെ സുപചലസായ് സ്റ്റേഡിയത്തില്‍ പെയ്ത കനത്ത മഴയില്‍ ട്രാക്ക് നനഞ്ഞത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു.
പുരുഷന്മാരുടെ 1500 മീറ്ററില്‍ 3:41.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജയ് കുമാര്‍ സരോജ് സ്വര്‍ണം നേടിയത്. ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ മൂന്നാം മെഡലാണിത്.