ഏകസിവില്‍ കോഡുമായി മുന്നോട്ടുപോകുമെന്ന ബി.ജെ.പി ഭരണകൂടത്തിന്റെ പ്രഖ്യാപനം രാജ്യത്തെ വൈവിധ്യങ്ങള്‍ക്കുമേല്‍ ഏകനിയമത്തെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും അതിനെ വിദ്യാര്‍ഥി സമൂഹം ചെറുത്ത് തോല്‍പ്പിക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ പറഞ്ഞു. വ്യത്യസ്ത മതങ്ങളും ആചാരങ്ങളും നിയമങ്ങളും എല്ലാകൊണ്ടും സമ്പന്നമായ ഒരു നാട്ടില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഈ വൈവിധ്യങ്ങളെ മുഴുവന്‍ ഇല്ലാതാക്കുന്നതും ജനാധിപത്യമെന്ന മൂല്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന എസ്.ഐ.ഒ കേരള സംസ്ഥാനത്തെ ക്യാംപസുകളില്‍ നടത്തുന്ന campus against UCC ക്യാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വൈവിധ്യങ്ങളും വ്യത്യസ്തതകളും കാത്തുസൂക്ഷിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥവത്താവുകയുള്ളൂവെന്നും ഏക സിവില്‍ കോഡിനുള്ള വാദം ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ആര്‍.എസ്.എസിന്റെ അജണ്ടയാണെന്നും നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ക്യാംപസുകളില്‍ ഇതിനെതിരേ ശക്തമായ പോരാട്ടം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡണ്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസ്ലം പള്ളിപ്പടി, അഫ്‌നാന്‍ താനൂര്‍, അമീന്‍ തിരൂര്‍ക്കാട്, അനസ് ഫൈസല്‍, കെ.എം റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.