എം. മുകുന്ദന് ഭീമാ അവാര്‍ഡ്

എം. മുകുന്ദന് ഭീമാ അവാര്‍ഡ്

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ പ്രഥമ ബാലസാഹിത്യ കൃതിയായ മുകുന്ദേട്ടന്റെ കുട്ടികള്‍’ ഇത്തവണത്തെ ഭീമ ഭട്ടര്‍ സ്മരാക പുരസ്‌കാരത്തിന് അര്‍ഹമായതായി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജയകുമാര്‍ ഐ.എ.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 70,000 രൂപയാണ് അവാര്‍ഡ് തുക. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ കൃതി നേടിയിട്ടുണ്ട്. ഫ്രഞ്ച് ഗവ. സാഹിത്യരംഗത്തെ വിശിഷ്ട സംഭാവനകളെ വിലയിരുത്തി ഷെവലിയാര്‍ ഓഫ് ദി ആര്‍ട്ട് ആന്‍ഡ് ലെറ്റേഴ്‌സ് ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.

കുട്ടികളുടെ വിഭാഗത്തില്‍ സ്വാതി കിരണ്‍ സ്മാരക അവാര്‍ഡിന് കോട്ടയം മിനടത്ത് സ്വദേശി എസ്. ശ്രീദേവിന്റെ വാനചിത്രങ്ങള്‍ അര്‍ഹമായി. സംസ്ഥാന സര്‍ക്കാരിന്റെ ബാല പുരസ്‌കാരം ഉള്‍െപ്പടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ശ്രീദേവിന്റെ ഒന്‍പതാമത്തെ രചനയാണിത്. 10,000 രൂപ ക്യാഷ് അവാര്‍ഡ്. രണ്ടു പേര്‍ക്കും ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാ പത്രവും നല്‍കും.

ഗണിത ശാസ്ത്ര രംഗത്ത് 150 പുസ്തകങ്ങള്‍ രചിച്ച് വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ നേടിയ പള്ളിയറ ശ്രീധരന് വനജാ ഭീമ ഭട്ടര്‍ സ്മാരക പുരസ്‌കാരമായി 25,000 രൂപയുടെ  സ്‌പെഷ്യല്‍ ഫെലോഷിപ്പും നല്‍കും.കിളിരൂര്‍ രാധാകൃഷ്ണന്‍, ഡോ. കെ. ശ്രീകുമാര്‍, കെ.എസ്. രവികുമാര്‍ എന്നിവരാണ് അന്തിമവിധി നിര്‍ണയം നടത്തിയത്. അവാര്‍ഡ് സമര്‍പ്പണം സെപ്റ്റംബര്‍ അവസാന വാരം കോഴിക്കോട് നടക്കും.

ബാലസാഹിത്യ കൃതിക്ക് രാജ്യത്ത് നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡ് തുകയാണിതെന്ന് കെ. ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. 1989ല്‍ തകഴി ശിവശങ്കര പിള്ള ചെയര്‍മാനായ കമ്മിറ്റിയാണ് ഭീമ അവാര്‍ഡ് തുടങ്ങിയത്.  കാര്‍ട്ടൂണിസ്റ്റ് യേശുദാസ് ആയിരുന്നു ചെയര്‍മാന്‍. വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രവി പാലത്തുങ്കല്‍, പ്രസിഡണ്ട് ബി. ഗിരിരാജന്‍ ചൈതന്യ, വിധി നിര്‍ണ്ണയ സമിതി അംഗം ഡോ. കെ. ശ്രീകുമാര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *