സ്ത്രീശാക്തീകരണത്തിന് വേണ്ടി വനിതാ മതില്‍ കെട്ടാന്‍ മുന്‍കൈ എടുത്ത ഇടത്പക്ഷ വനിതാ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ഹര്‍ഷിനയുടെ സമരപന്തലിലേക്ക് തിരിഞ്ഞ് പോലും നോക്കുന്നില്ല എന്നതില്‍ രാഷ്ട്രീയ ദുരൂഹത സംശയിക്കേണ്ടിയിരിക്കുന്നെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ എം.എല്‍.എയുമായ ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയും, ജില്ലാ കലക്ടറും, മേയറും വനിതകളായ നാട്ടില്‍ മെഡിക്കല്‍ അശ്രദ്ധയുടെ ഇരയായി ഒരു വനിതക്ക് 50 ദിവസത്തിലേറെയായി തെരുവില്‍ സമരം തുടരേണ്ടി വരുന്നു എന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. തിടുക്കപ്പെട്ട് സമരപന്തലിലെത്തി ഒന്നാം ഘട്ട സമരം അവസാനിപ്പിക്കാന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മുഖ്യമന്ത്രിയുടെ ഉദ്ഘാടനം കഴിഞ്ഞതില്‍ പിന്നെ ഇങ്ങനെ ഒരു സംഭവം അറിഞ്ഞില്ലെന്ന മട്ടിലാണ്. കൈപ്പിഴ പറ്റിയത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയിലായതിനാലും, പൊതുജനാരോഗ്യത്തിന്റെ സംരക്ഷകരെന്ന നിലയിലും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ഷിനക്ക് നീതി ലഭ്യമാക്കാന്‍ ഉടന്‍ ഇടപെടല്‍ നടത്തണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. സമരത്തിന് പൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന്റെ 51ാം ദിവസം കലക്ടറേറ്റിനു മുന്‍പില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു കണ്‍വീനര്‍ മുസ്തഫ പാലാഴി സ്വാഗതം പറഞ്ഞു, കോണ്‍ഗ്രസ് നേതാക്കളായ കെ സി അബു, എന്‍ സുബ്രഹ്‌മണ്യന്‍, കെ.വി സുബ്രഹ്‌മണ്യന്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ സി ശോഭിത, ആര്‍എംപി സെന്‍ട്രല്‍ കമ്മിറ്റി അംഗം അഡ്വക്കറ്റ് പി. കുമാരന്‍ കുട്ടി, മുസ്‌ലിം ലീഗ് നേതാക്കളായ സഫറി വെള്ളയില്‍, കെ.കെ കോയ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി. സനൂജ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ ഫൗസിയ അസീസ്, ആയിഷ കുരുവട്ടൂര്‍, ശൈലജ ജയകൃഷ്ണന്‍, ഉഷാ ശാസ്ത്രി, സെലീന റഹീം, വിമന്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കളായ മുബീന വാവാട്, സുഫീറ എരമംഗലം, തൗഹീദ അന്‍വര്‍, സഫിയ ടീച്ചര്‍, ആര്‍.ജെ.ഡി നേതാക്കളായ പ്രദീപന്‍ മാസ്റ്റര്‍, യൂസഫലി മടവൂര്‍, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എ.പി പീതാംബരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരത്തിന് സമാപനം കുറിച്ച് നടന്ന ചടങ്ങ് മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യു.സി രാമന്‍ ഉദ്ഘാടനം ചെയ്തു.
ഹര്‍ഷിനക്ക് നാരങ്ങ നീര് നല്‍കി സമരം അവസാനിപ്പിച്ചു.സമരസമിതി ഭാരവാഹികളായ എം.ടി സേതുമാധവന്‍, മാത്യു ദേവഗിരി, എ.ഹമീദ് മൗലവി, ആസിഫ് മണക്കടവ്, എം.വി അബ്ദുല്ലത്തീഫ്, ബാബു കുനിയില്‍, മനോജ് മേലാര്‍ പൊയില്‍, പി.കെ സുഭാഷ് ചന്ദ്രന്‍, ടി.കെ സിറാജുദ്ദീന്‍, കെ.ഇ ഷബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.