വെറ്ററിനറി മേഖലയില്‍ മൂന്നാമത് ഒരു കോളേജ് കൂടി ഉടന്‍ തുടങ്ങുമെന്നും ഇതിനായി ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വയനാട്, തൃശൂര്‍ മേഖലയില്‍ നിന്നും മാറി തെക്കന്‍ മേഖലക്ക് പ്രയോജനപ്പെടുന്ന രീതിയിലാകും കോളേജ് ആരംഭിക്കുക. ഇതിനായി കൊല്ലം ജില്ലയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം എയ്ഡഡ് മേഖലയില്‍ ഒരു വെറ്ററിനറി കോളേജ് തുടങ്ങാനായി സര്‍ക്കാരിനോട് താല്‍പര്യം അറിയിച്ചു വന്നവര്‍ക്ക് അനുമതി നല്‍കുന്ന കാര്യവും പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളില്‍ നിന്നുള്ള 2017 ബാച്ചിലെ വെറ്ററിനറി ബിരുദം പൂര്‍ത്തിയാക്കിയ 206 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയ നാലു പേര്‍ക്കുമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തിരുവനന്തപുരത്തു നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ജെ. ചിഞ്ചുറാണി.
പേരൂര്‍ക്കട കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഡോ.വി.എം ഹാരിസ് (പ്രസിഡന്റ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍) അധ്യക്ഷത വഹിച്ചു. ഡോ.ഹരികുമാര്‍.ജെ (കെ.എസ്.വി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍) സ്വാഗതം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. സിന്ധു.കെ, ഡോ. ജിജിമോന്‍ ജോസഫ്, ഡോ. ആര്‍. രാജീവ് (എം.ഡി, കെ.എല്‍.ഡി ബോര്‍ഡ്), ഡോ. എ.എസ്. ബിജുലാല്‍ (എം.ഡി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ), ഡോ. എന്‍. മോഹനന്‍ (പ്രസിഡന്റ്, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, കേരള ഘടകം), ഡോ. കെ. ആര്‍. ബിനു പ്രശാന്ത് ( ചെയര്‍മാന്‍, സി.വി. ഇ. സബ് കമ്മിറ്റി, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ), ഡോ. ഉഷാറാണി. എന്‍ (ചെയര്‍പേഴ്‌സണ്‍, ഡിസിപ്ലിനറി കമ്മിറ്റി, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍), ഡോ. നൗഫല്‍. ഇ.വി (ചെയര്‍മാന്‍, ഐ.റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സബ്കമ്മിറ്റി, കേരളസ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍), ഡോ. അജിലാസ്റ്റ്. കെ (രജിസ്ട്രാര്‍, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ), ഡോ. ബീന.ഡി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പരിപാടിയോടനുബന്ധിച്ചു നടന്ന കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം അഡീഷണല്‍ ഡയറക്ടര്‍ ഡോ. വിന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ. സായി പ്രസാദ്. എസ് മോഡറേറ്റര്‍ ആയ ക്ലാസുകള്‍ക്ക് ഡോ. റ്റി.പി. സേതുമാധവന്‍ ഡോ. അനില്‍കുമാര്‍ വി.എ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. ഷൈജു സി.എസ് സ്വാഗതവും ഡോ. ബേബി കെ.കെ നന്ദിയും പറഞ്ഞു.