വിദ്യ സമര്‍പ്പിച്ച വ്യാജരേഖ കണ്ടെടുത്തു; രേഖ കണ്ടെടുത്തത് ഗൂഗിളിന്റെ സഹായത്തോടെ

വിദ്യ സമര്‍പ്പിച്ച വ്യാജരേഖ കണ്ടെടുത്തു; രേഖ കണ്ടെടുത്തത് ഗൂഗിളിന്റെ സഹായത്തോടെ

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ സമര്‍പ്പിച്ച വ്യാജരേഖ അഗളി പോലിസ് കണ്ടെടുത്തു. വിദ്യ ജോലിക്കായുള്ള അഭിമുഖത്തിന് നല്‍കാന്‍ തയ്യാറാക്കിയ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് അഗളി പോലിസ് കണ്ടെടുത്തു. വിദ്യയുടെ ഫോണില്‍ നിന്ന് ഗൂഗിളിന്റെ സഹായത്തോടെയാണ് വിവരങ്ങള്‍ വീണ്ടെടുത്തത്. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിന്റ് എടുത്തതെന്നും പോലിസ് കണ്ടെത്തി.

കഫേ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പാലാരിവട്ടത്തെ ഈ കഫേ ഒരു വര്‍ഷം മുമ്പ് പൂട്ടി പോയിരുന്നു. ഇപ്പോള്‍ കഫേയുടെ ഉടമയെ കണ്ടെത്തിയാണ് പോലിസ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്. അട്ടപ്പാടി കേസില്‍ ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കും.
സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പോലിസിന് മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലാതെ ആണെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പോലിസിനോട് സമ്മതിച്ചിരുന്നു. വ്യാജരേഖയുടെ അസ്സല്‍ പകര്‍പ്പ് നശിപ്പിച്ചെന്നാണ് വിദ്യ പോലിസിനോട് പറഞ്ഞത്. മൊബൈല്‍ ഫോണില്‍ വ്യാജ രേഖ നിര്‍മ്മിച്ച് അവ അക്ഷയ സെന്ററിലേക്ക് മെയില്‍ അയക്കുകയായിരുന്നെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളേജില്‍ സമര്‍പ്പിച്ചിരുന്നത്. ഇതേ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിന് ചെന്നതോടെയാണ് വിദ്യ പിടിക്കപ്പെട്ടത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ കോളേജ് പ്രിന്‍സിപ്പല്‍ മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടതോടെയാണ് കള്ളം പുറത്തായത്.

Share

Leave a Reply

Your email address will not be published. Required fields are marked *