മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് വകുപ്പില്ലാ മന്ത്രിയെ പോലെ; സംസ്ഥാനത്ത് ഭരണസ്തംഭനം: കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് വകുപ്പില്ലാ മന്ത്രിയെ പോലെ; സംസ്ഥാനത്ത് ഭരണസ്തംഭനം: കെ.സുരേന്ദ്രന്‍

കോഴിക്കോട്: വകുപ്പില്ലാ മന്ത്രിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല. മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതെല്ലാം സര്‍ക്കാരിന്റെ പരാജയമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടെ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല. സര്‍ക്കാരിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്ക് ആരും മറുപടി പറയുന്നില്ല. സംസ്ഥാന ഭരണത്തില്‍ നാഥനില്ലാതെയായിരിക്കുന്നു. ഭരണമാകെ കുത്തഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ എവിടെയും കാണുന്നില്ല. മുഖ്യമന്ത്രി എന്താണ് പൊതുപരിപാടികളില്‍ പങ്കെടുക്കുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്തെങ്കിലും അസൗകര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ പിണറായി തയ്യാറാവണം. സംസ്ഥാന ഭരണത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സിപിഎം നേതൃത്വം മുന്നിട്ടിറങ്ങണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഞെട്ടിച്ച പല അഴിമതികളും പുറത്തുവന്നെങ്കിലും ഇതിനെ കുറിച്ചൊന്നും ഒരു അന്വേഷണവും നടക്കുന്നില്ല. പ്രതിപക്ഷ നേതാവിനും കെ.സുധാകരനുമെതിരായ അന്വേഷണം എവിടെയുമെത്തിയില്ല. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകളെല്ലാം അവസാനിപ്പിച്ച മട്ടിലാണ് പോലിസ് പോവുന്നത്. വിഡി സതീശന്‍ വ്യാജ ഏറ്റുമുട്ടലാണ് മുഖ്യമന്ത്രിയുമായി നടത്തുന്നത്. ഭരണ-പ്രതിപക്ഷങ്ങള്‍ പരസ്പര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎമ്മിന്റെ പക്ഷത്തുള്ള എംഎല്‍എ ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് മിച്ച ഭൂമി പിടിച്ചെടുത്തത് ഉടന്‍ തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. മാഫിയകളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൈവെട്ട് കേസില്‍ അന്നത്തെ ഇടത്-വലത് മുന്നണികള്‍ എടുത്ത സമീപനം തെറ്റായിരുന്നു. ഈ വിധിയിലൂടെ പ്രതികള്‍ നടത്തിയത് തീവ്രവാദ പ്രവര്‍ത്തനങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വോട്ട്ബാങ്കിന് വേണ്ടി ഭീകരവാദികളോട് സന്ധി ചെയ്തതിന്റെ ദുരന്തമാണ് ഇതെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പി.രഘുനാഥ്, ജില്ലാ അധ്യക്ഷന്‍ വി.കെ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *