ബെഞ്ചില്‍ താളം കൊട്ടി വൈറലായ അല്‍ഭുത പ്രതിഭ അഭിജിത്ത് സിനിമയിലേക്ക്, സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍ അമ്മാനി കോളനിയിലെത്തി

ബെഞ്ചില്‍ താളം കൊട്ടി വൈറലായ അല്‍ഭുത പ്രതിഭ അഭിജിത്ത് സിനിമയിലേക്ക്, സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍ അമ്മാനി കോളനിയിലെത്തി

കോഴിക്കോട്: ബെഞ്ചില്‍ താളം പിടിച്ച് നിഷ്‌കളങ്കമായ ചിരിയുമായി അഭിജിത് കൊട്ടി കയറിയത് ലോക മലയാളികളുടെ മനസ്സിലേക്കായിരുന്നു. ക്ലാസ് റൂമില്‍ ഇരുന്ന് അഞ്ജന ടീച്ചറുടെ പാട്ടിനൊപ്പമുള്ള താളം അഭിജിത്തിനെ ലയാള ചലച്ചിത്ര ലോകത്തേക്ക് എത്താന്‍ കാരണമായിരിക്കുകയാണ്. ചെറുപ്രായത്തില്‍ പ്രകടിപ്പിച്ച അസാമാന്യ താളബോധം അത്ഭുതത്തോടെയാണ് സംഗീത പ്രേമികള്‍ നോക്കി കണ്ടത്.
ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസല്‍ ഹുസൈന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത് വേഷമിടുന്നത്. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തിന്റെ പേര് കട്ടപ്പാടത്തെ മാന്ത്രികന്‍ എന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം പാലക്കാട് ആരംഭിക്കും. സിയാന്‍ ഫേസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി.ജെ മോസ്സസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം: പ്രബീഷ് ലിന്‍സി നിര്‍വഹിക്കുന്നു. സിബു സുകുമാരന്‍ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും. ഗാനരചന വി.പി ശീകാന്ത് നായര്‍, നെവില്‍ ജോര്‍ജ്. പ്രോജക്റ്റ് കോഡിനേറ്റര്‍ അക്കു അഹമ്മദ്, സ്റ്റില്‍സ് അനില്‍ ജനനി, പോസ്റ്റര്‍ ഡിസൈന്‍ അഖില്‍ ദാസ്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. കൂലിപണിക്കാരനായ ബിജുവാണ് അഭിജിത്തിന്റെ അച്ഛന്‍. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. ആതിരയാണ് അമ്മ. ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. അഭിജിത്തിന്റെ അല്‍ഭുതകരമായ കഴിവ് പുറം ലോകം അറിഞ്ഞതോടെ ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഒത്തിരി പേര്‍ ഇതിനോടകം എത്തിക്കഴിഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *