‘പണം മുന്‍കൂറായി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല’; ആംബുലന്‍സ് വൈകി രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍

‘പണം മുന്‍കൂറായി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല’; ആംബുലന്‍സ് വൈകി രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ ആംബുലന്‍സ് സേവനം സമയത്ത് കിട്ടാത്തത് കാരണം ചികിത്സ വൈകി മരിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി ആംബുലന്‍സ് ഡ്രൈവര്‍. പണം മുന്‍കൂറായി നല്‍കിയാലെ ആംബുലന്‍സ് എടുക്കൂ എന്ന് താന്‍ നിര്‍ബന്ധം പിടിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ ആന്റണി പറഞ്ഞു. മരിച്ച അസ്മയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരം കാത്തുനിന്നത് കൊണ്ടാണ് ആംബുലന്‍സ് എടുക്കാന്‍ വൈകിയതെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.
കടുത്ത പനി ബാധിച്ച് ഇന്നലെ രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗിയെ ആംബുലന്‍സില്‍ കയറ്റിയ ശേഷമാണ് ഡ്രൈവര്‍ കൈയ്യില്‍ എത്ര പണമുണ്ടെന്ന് ചോദിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. 700 രൂപയാണ് ഉണ്ടായിരുന്നത്. 900 രൂപ ആവശ്യപ്പെട്ട ഡ്രൈവര്‍ ഇതില്ലാതെ മുന്നോട്ട് പോകില്ലെന്ന നിലപാടിലായിരുന്നു ഡ്രൈവര്‍. പണം ബൈക്കില്‍ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല. ഈ സമയത്ത് രോഗിയുടെ നില വഷളായി. പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് ആംബുലന്‍സ് പുറപ്പെട്ടത്. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, പണം മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തിലാണ് അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആംബുലന്‍സ് ഫീസ് സംഘടിപ്പിച്ച് നല്‍കി അരമണികൂറോളം വൈകിയാണ് സര്‍വീസ് നടത്തിയത് എന്നാണ് ബന്ധുക്കളുടെ പരാതി.

Share

Leave a Reply

Your email address will not be published. Required fields are marked *