ബോളിവുഡ് നടി കങ്കണാ റണാവത് കബളിപ്പിച്ചുവെന്ന പരാതിയുമായി ബിജെപി നേതാവായ മായങ്ക് മധൂർ. കങ്കണയുടെ ഏറ്റവും പുതിയ സിനിമയായ തേജസിനെച്ചൊല്ലിയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം കങ്കണ പാലിച്ചില്ല. തന്റെ രാഷ്ട്രീയ ബന്ധങ്ങൾ സിനിമയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയതിന് ശേഷം ഒഴിവാക്കിയെന്നും മായങ്ക് ആരോപിക്കുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയക്കാരുമായി ബന്ധപ്പെടാൻ കങ്കണയെ സഹായിച്ചത് താനാണെന്ന് മായങ്ക് പറയുന്നു. രാജ്‌നാഥ് സിങ്ങുമായി രണ്ട് മണിക്കൂർ കൂടിക്കാഴ്ച താൻ സംഘടിപ്പിച്ച് നൽകിയിരുന്നു.
എയർഫോഴ്‌സ് ബേസിൽ ‘തേജസ്’ സിനിമയുടെ ചിത്രീകരണത്തിന് അനുമതി വാങ്ങാൻ കങ്കണയെ സഹായിക്കുകയും ചെയ്തു.ഇതിനെല്ലാം പകരമായി സിനിമയിൽ ഒരു വേഷം അവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനം നടി പാലിച്ചില്ലെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ഒരു എയർഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ‘തേജസ്’ ഒക്ടോബർ 20ന് റിലീസ് ചെയ്യും.