കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് പൊതുരംഗത്തും പൊതുവിടങ്ങളിലും സ്ത്രീകളുടെ ഇടപെടലുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും പൊതുവിടങ്ങളില്‍ സജീവമായി ഇടപെടുന്ന സ്ത്രീകളും ഗാര്‍ഹിക ചുറ്റുപാടുകളില്‍ നിരവധിയായ ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയമാകുന്നു എന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി. സമൂഹം സ്ത്രീപക്ഷമോ പുരുഷപക്ഷമോ ആവേണ്ടതല്ല, തികച്ചും ജനപക്ഷമായി നിലനില്‍ക്കേണ്ടതാണെന്നും അഡ്വ. പി.സതീദേവി പറഞ്ഞു. പൊതുവിടങ്ങളിലെ സ്ത്രീ എന്ന വിഷയത്തില്‍ കൊയിലാണ്ടി നഗരസഭാ ഇ.എം.എസ്സ് ഹാളില്‍ കേരള വനിതാ കമ്മിഷന്റെ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സബ് ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കുടുംബശ്രീ എന്ന സ്ത്രീ ശാക്തീകരണ സംവിധാനം ഭൂരിഭാഗം സ്ത്രീകളെയും സാമ്പത്തിക സ്വാതന്ത്ര്യം നല്‍കി സ്വന്തംകാലില്‍ മുന്നേറാന്‍ പ്രാപ്തരാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനും സമൂഹത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിക്കാനും അഭിമുഖീകരിക്കേണ്ടി വരുന്ന ചൂഷണങ്ങളെ തരണം ചെയ്യാനും സാധിക്കണം. സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടാക്കിയെടുക്കാനുള്ള ഇടപെടലുകളാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്. സമൂഹത്തിന്റെ പൊതു ബോധനിര്‍മ്മിതിയില്‍ ഇടപെടാന്‍ സ്ത്രീയും പുരുഷനും രംഗത്ത് വരുമ്പോള്‍ മാത്രമേ ഒരു സ്ത്രീ സൗഹൃദ അന്തരീക്ഷം കൈവരിക്കാന്‍ നമുക്കാവൂ എന്നും അഡ്വ. പി.സതീദേവി പറഞ്ഞു.
കേരള വനിതാ കമ്മിഷനും കൊയിലാണ്ടി നഗരസഭ കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഇ കെ അജിത്ത്, കെ.എ ഇന്ദിര, നിജില പറവകൊടി, സി പ്രജില, കെ ഷിജു നഗരസഭാ കൗണ്‍സിലര്‍മാരായ രത്‌നവല്ലി, റഹ്മത്ത് കെ.ടി.വി, നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ സുധാകരന്‍, ഷീബ കെ ടി, സിഡഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ വി. ആരിഫ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിപിന എന്നിവര്‍ പങ്കെടുത്തു. കില ഫാക്കല്‍റ്റി എന്‍.വി. അനിത ക്ലാസ് എടുത്തു.